ഉത്തര്‍പ്രദേശില്‍ മദ്രസ നിയമം റദ്ദാക്കി ഹൈക്കോടതി; അനിശ്ചിതാവസ്ഥയിലായി വിദ്യാര്‍ത്ഥികളും അധ്യാപകരും
national news
ഉത്തര്‍പ്രദേശില്‍ മദ്രസ നിയമം റദ്ദാക്കി ഹൈക്കോടതി; അനിശ്ചിതാവസ്ഥയിലായി വിദ്യാര്‍ത്ഥികളും അധ്യാപകരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2024, 8:55 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മദ്രസകളെ സംബന്ധിക്കുന്ന 2004ലെ നിയമം റദ്ദാക്കിയതോടെ അനിശ്ചിതാവസ്ഥയിലായി വിദ്യാര്‍ത്ഥികളും അധ്യാപകരും. നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്രസകള്‍ അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഉത്തരവിന് പിന്നാലെ പതിനായിരത്തോളം മദ്രസാ അധ്യാപകരും 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അരക്ഷിതാവസ്ഥ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മദ്രസകളിലെ വിദ്യാഭ്യാസം ആറ് മുതല്‍ 14 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മദ്രസ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 21എ, 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്ടിന്റെ 22-ാം വകുപ്പ് എന്നിവയെ ലംഘിക്കുന്നുവെന്ന് ജസ്റ്റിസുമാരായ വിവേക് ??ചൗധരിയും സുഭാഷ് വിദ്യാര്‍ത്ഥിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

മാര്‍ച്ച് 22ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് മദ്രസാ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. മദ്രസകളില്‍ നല്‍കുന്ന വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും സാര്‍വത്രികവുമല്ലെന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ 16,513 അംഗീകൃത മദ്രസകളുണ്ട്. അതില്‍ 560 എണ്ണം സര്‍ക്കാരിന്റെ സഹായത്താലും 8,400ലധികം മദ്രസകള്‍ ഔദ്യോഗിക അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുന്നവയുമാണ്. അംഗീകൃത മദ്രസകളില്‍ 19.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. മറ്റു മദ്രസകളില്‍ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികളും.

കോടതിയുടെ ഉത്തരവ് 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് ദി വയറിനോട് പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളുടെ പുനരധിവാസത്തെ കുറിച്ച് ആശങ്കപ്പെടുന്ന കോടതി, തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകരുടെ അവസ്ഥ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന് ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

Content Highlight: Students and teachers left in limbo after repeal of 2004 Madrasas Act in Uttar Pradesh