ബെംഗളുരു: മലയാള ചലച്ചിത്രം ‘ജന ഗണ മന’യുടെ ഷൂട്ടിംഗിനെതിരെ മൈസൂരു മഹാരാജാ കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പ്രവര്‍ത്തി ദിവസത്തില്‍ കോളേജ് ക്യാംപസില്‍ വെച്ച് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതിനെതിരെയാണ് ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച മുതലാണ് സിനിമയുടെ ചിത്രീകരണം കോളേജില്‍ ആരംഭിച്ചത്. എന്നാല്‍, പ്രവര്‍ത്തി ദിവസമായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടത്തിയതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. കോടതി രംഗമാണ് ക്യാംപസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്.
മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് മഹാരാജാ കോളേജ്. വരുമാനം ലഭിക്കുന്നതിനായി കോളേജില്‍ വെച്ച് സിനിമാ ചിത്രീകരണങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കുന്നത് പതിവാണ്.
എന്നാല്‍ അധ്യയന ദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്.
അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്തുന്നതില്‍ തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള എതിര്‍പ്പും ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അധ്യയനദിവസം സിനിമാ ചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ സര്‍വകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
എന്നാല്‍, ഇക്കാര്യം കോളേജിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ നിലപാട്. ഇതു സംബന്ധിച്ച് പ്രതികരിക്കാനും പ്രിന്‍സിപ്പാള്‍ തയ്യാറായിട്ടില്ല.
ക്ലാസുകള്‍ തടസപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ശിവപ്പ പറഞ്ഞു. ഇതുസംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. ഭാഷാ വിവേചനമില്ലാതെ കോളേജ് സിനിമാ ചിത്രീകരണത്തിന് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൈതൃക കെട്ടിടമായ മഹാരാജാ കോളേജ് സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനാണ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലെ സിനിമകള്‍ ഇവിടെ സ്ഥിരമായി ഷൂട്ട് ചെയ്യാറുണ്ട്.
അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ‘യുവരത്‌ന’ എന്ന സിനിമയുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Students and teachers against the shooting in Mysuru Maharaja College