| Thursday, 9th August 2018, 11:38 am

ഐ.ഡി. കാര്‍ഡുകള്‍ ലഭിച്ചു: ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കോച്ചും കുട്ടികളും ഇനി തായ് പൗരന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: കഴിഞ്ഞ മാസം തായ്‌ലാന്റിലെ താം ലുവാങ് ഗുഹയില്‍ നിന്നും രക്ഷപ്പെട്ട ഫുട്‌ബോള്‍ ടീമിലെ മൂന്ന് കുട്ടികളും കോച്ചും ഇനിമുതല്‍ തായ് പൗരന്മാര്‍. ബുധനാഴ്ചയാണ് നാലു പേര്‍ക്കും പൗരത്വം നല്‍കുന്നതായി തായ്‌ലാന്റ് ഭരണകൂടം പ്രഖ്യാപിച്ചത്.

ഗുഹയിലകപ്പെടുകയും അതിസാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തുകയും ചെയ്ത വൈല്‍ഡ് ബോര്‍സ് ഫുട്‌ബോള്‍ ടീമിലെ മൂന്നു കുട്ടികളും കോച്ചും പൗരത്വമില്ലാത്ത അഭയാര്‍ത്ഥികളാണെന്നത് രക്ഷാപ്രവര്‍ത്തനത്തിനു ശേഷം വാര്‍ത്തയായിരുന്നു.

തങ്ങള്‍ക്ക് ഔദ്യോഗിക തായ് ഐ.ഡി. കാര്‍ഡ് ലഭിച്ചതായി ടീമിന്റെ ഹെഡ് കോച്ച് അറിയിച്ചു. ഗുഹയില്‍ അകപ്പെടാതിരുന്ന മറ്റൊരു ടീമംഗവും പൗരത്വത്തിനായി അപേക്ഷിച്ചിരുന്നു. ഇയാള്‍ക്കും കാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Also Read: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാനഡ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും: സൗദിയുമായുള്ള ബന്ധം വഷളാക്കാനാഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിന്‍ ട്രൂഡോ

“ഞാന്‍ വളരെ സന്തുഷ്ടനാണ്. തായ് പൗരത്വമുണ്ടെങ്കില്‍ അവര്‍ക്ക് അത് ഭാവിയില്‍ വലിയ ഉപകാരമായേക്കും. അവര്‍ക്ക് എപ്പോഴെങ്കിലും ഫുട്‌ബോള്‍ നിര്‍ത്തി മറ്റേതെങ്കിലും ജോലി നേടണമെന്നു തോന്നിയാല്‍ വലിയ സഹായമായിരിക്കുമിത്. സര്‍ക്കാര്‍ ജോലികള്‍ നേടണമെങ്കിലോ പഠിച്ച വിഷയങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ മേഖല തെരഞ്ഞെടുക്കണമെങ്കിലോ അവര്‍ക്ക് പൗരത്വം കൂടിയേ തീരൂ.” കോച്ച് പറയുന്നു.

13 പേരാണ് ഒന്‍പതു ദിവസം തായ്‌ലന്റിലെ ഗുഹയില്‍ അകപ്പെട്ടിരുന്നത്. അങ്ങേയറ്റം ക്ലേശകരമായിരുന്നു രക്ഷാപ്രവര്‍ത്തനം.

പൗരത്വം ലഭിച്ചതോടെ, രാജ്യം നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളുമാണ് അവര്‍ക്ക് ലഭ്യമാകുന്നത്. ഇവര്‍ താമസിക്കുന്ന ചിയാങ് റായ് എന്ന ഉത്തരമേഖലാ പ്രവിശ്യ വിട്ട് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതിയും ഇപ്പോഴാണിവര്‍ക്ക് ലഭിച്ചത്.

We use cookies to give you the best possible experience. Learn more