പാലക്കാട്: നെഹ്രു കോളേജ് മാനേജ്‌മെന്റിനു കീഴിലുള്ള ലക്കിടി ജവഹര്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥിനി. കഴിഞ്ഞ ദിവസം കൊളജില്‍ നടന്ന പി.ടി.എ യോഗത്തിലാണ് പരാതിയുമായി വിദ്യാര്‍ഥിനി പരസ്യമായി രംഗത്തെത്തിയത്.
കോളജ് ഹോസ്റ്റലില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി നല്‍കിയ തന്നെ അധിക്ഷേപിക്കുന്ന സമീപനമാണ് ഹോസ്റ്റല്‍ വാര്‍ഡനും ഡയറക്ടറും സ്വീകരിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. “ഇയാളെ നിങ്ങള്‍ തന്നെ വിളിച്ചുവരുത്തിയതല്ലേ” എന്നാണ് ഇക്കാര്യം പരാതിപ്പെട്ട തങ്ങളോട് അധ്യാപകര്‍ പറഞ്ഞതെന്നും പെണ്‍കുട്ടി പറയുന്നു.
സ്ഥിരമായി ഹോസ്റ്റല്‍ മുറിക്ക് പുറത്ത് നഗ്നതാ പ്രദര്‍ശനം നടത്തുന്നയാളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ പലരും മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത്തരം പരാതികളെ അവഗണിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
കോളജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിഹരിക്കാനായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാതെ യോഗം അലസിപ്പിരിയുകയാണ് ഉണ്ടായത്. അതേസമയം യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല.
ജിഷ്ണു എന്ന വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നെഹ്‌റു കോളജ് മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.
മാനേജ്‌മെന്റ് വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ചെറിയ പിഴവുകളുടെ പേരില്‍ വരെ വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ സ്വാശ്രയ കോളജുകള്‍ക്കെതിരെ വിദ്യാര്‍ഥി പീഡനം ആരോപിച്ച് സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.
Must Read:നിര്‍മാതാക്കളെ അന്ധമായി വിശ്വസിച്ചതു കാരണം ഒരുപാട് പണികിട്ടിയിട്ടുണ്ട്: പ്രിയാമണി പറയുന്നു