| Friday, 12th July 2019, 2:37 pm

'കത്തിയും വാളുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടാന്‍ വരുന്നവരാണ് ഇവിടുത്തെ എസ്.എഫ്.ഐ' ; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റി കമ്മിറ്റിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍. യൂണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും വടിവാളും കത്തിയുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ ആക്രമിക്കുന്നവരാണ് നേതൃത്വമെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റിരുന്നു. ഇതിനു പിന്നില്‍ യൂണിറ്റ് കമ്മിറ്റിയാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. നടന്ന സംഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട വിദ്യാര്‍ഥികള്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞത്:

‘ഇന്ന് രാവിലെ ഇവന്‍ യൂണിറ്റ് കമ്മിറ്റിയുടെ മരച്ചുവട്ടിലിരുന്ന് എന്നുപറഞ്ഞ് ഒരു കാരണവുമില്ലാതെ ഇവനെ അടിച്ച് അവിടുത്തെ എസ്.എഫ്.ഐക്കാരായ യൂണിറ്റ് മെമ്പര്‍മാര്. അത് ചോദിക്കാനായാണ് ഞങ്ങളെല്ലാം വന്നത്.

‘ക്ലാസില്‍ കേറടായെന്നും പറഞ്ഞ് എന്നെ അടിച്ചു. എന്നെ അടിച്ചത് ചോദിക്കാന്‍ വന്നതാണ് ഇവര്‍’ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു.

‘ചോദിക്കാനായി ഞങ്ങള്‍ പോയപ്പോള്‍ ഞങ്ങളോട് പറഞ്ഞു, ഇവിടെ ഇരിക്ക്, നമുക്ക് പരിഹരിക്കാമെന്ന്. എന്നിട്ടവര്‍ പുറത്തുപോയി വെളിയിലുള്ള ഗുണ്ടകളേയും സംസ്‌കൃത കോളജിലുള്ള യൂണിറ്റ് മെമ്പര്‍മാരേയും കൂട്ടിക്കൊണ്ടുവന്ന് ഞങ്ങളെയെടുത്തിട്ട് ഇടിച്ചു. ഇടിക്കുന്നതിന്റെ ഇടയില്‍ ഞങ്ങളെ കൂട്ടത്തിലുള്ള ഒരുത്തനെ കുത്തി. പൊളിറ്റിക്കല്‍ സയന്‍സില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ. അവനെയിപ്പോള്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയിരിക്കുകയാണ്. വടിവാളും കത്തിയുമെല്ലാമുണ്ട് അതിനകത്ത്. അടിയായിരുന്നു അതിനകത്ത്. വെളിയിലുള്ളവരും അകത്തുള്ളവരും വളഞ്ഞിട്ട് അടിക്കുകയായിരുന്നു. ‘

ആരാണ് അടിച്ചതെന്ന് ചോദിച്ചപ്പോള്‍ ഒരു വിദ്യാര്‍ഥി പറഞ്ഞത് ‘ഞങ്ങള്‍ക്കിവിടെ ജീവിക്കണ്ടേ’ എന്നാണ്. അപ്പോള്‍ മറ്റൊരു വിദ്യാര്‍ഥി ‘അതിന്റകത്തുള്ള യൂണിറ്റ് മെമ്പര്‍മാര്‍ തന്നെ. വേറെയാരുമല്ല. ‘ എന്നു പറഞ്ഞു.

‘ഇവിടെ സംഘടന ആളെചേര്‍ക്കുന്നത് പ്രത്യയശാസ്ത്രം പറഞ്ഞല്ല, ഗുണ്ടായിസം പറഞ്ഞാണ്. ഞങ്ങളും എസ്.എഫ്.ഐക്കാരാണ്. പക്ഷേ ഇതിന്റകത്ത് നടക്കുന്ന എസ്.എഫ്.ഐ എസ്.എഫ്.ഐയല്ല. ‘ എന്നാണ് ഒരു വിദ്യാര്‍ഥി പറഞ്ഞത്.

ഈ കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് മെമ്പര്‍മാര്‍ ഗുണ്ടകളാണെന്നും ഇവര്‍ പറഞ്ഞു.

‘ഇതല്ല എസ്.എഫ്.ഐയെന്നു പറഞ്ഞ് പഠിച്ചത്. സ്‌കൂളില്‍ പോയി പഠിച്ച എസ്.എഫ്.ഐ ഇതല്ല. കത്തിയും വടിവാളുംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടാന്‍ വരുന്നവരുണ്ടല്ലോ, ഇവന്മാര് എസ്.എഫ്.ഐക്കാരല്ല. സ്വന്തം പാര്‍ട്ടിക്കാരെ, സ്വന്തം പാര്‍ട്ടിക്കാരെയാണ് കുത്തുന്നത്. ഇതിനു മുമ്പും സ്വന്തം പാര്‍ട്ടിക്കാരെ അവന്മാര് കുത്തിയിട്ടുണ്ടല്ലോ, ഇപ്പോഴും അതുതന്നെയല്ലേ കാണിച്ചത്.’

‘ഇവിടെയൊരു ബെഞ്ചിലിരുന്ന് കൊട്ടാന്‍ പറ്റൂല്ല, ഇവിടെയൊരു പാട്ടുപാടാന്‍ പറ്റൂല. ഇവിടെയൊരു സ്വാതന്ത്ര്യവുമില്ല. സ്വാതന്ത്ര്യമെന്ന് എഴുതിവച്ചേക്കണേയുള്ളൂ.

റാഗിങ്ങൊന്നുമല്ല, കൊലപാതകമാണിതിനകത്തെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more