| Wednesday, 2nd September 2015, 12:33 pm

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമിപൂജ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഭൂമിപൂജ നടത്താനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം. സെപ്റ്റംബര്‍ 4 ന് സര്‍വ്വകലാശാലയിലെ പുതിയ 8 അക്കാദമിക്ക് ബ്ലോക്കുകളുടെ ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് ഭൂമിപൂജ നടത്താനുള്ള നീക്കമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. തങ്ങളെ പേടിച്ച് അധികൃതര്‍ ഇക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസുകളില്‍ ശിലാസ്ഥാപനത്തെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നൊള്ളൂ എന്നും ഭൂമി പൂജയുടെ കാര്യം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പ് ഭയന്ന് ബോധപൂര്‍വ്വം നോട്ടീസില്‍ നിന്ന് ഒഴിവാക്കിയതായിരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

” സ്റ്റുഡന്‍സ് കൗണ്‍സിലുമായി വൈസ്ചന്‍സ്‌ലര്‍ നടത്തിയ മീറ്റിങ്ങില്‍ പുതിയ കെട്ടിടങ്ങളുടെ കരാര്‍ ഏറ്റെടുത്തവര്‍ അവരുടെ എന്തോ പരിപാടി നടത്തുമെന്നും അത് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടതല്ല എന്ന് പറയുകയും ചെയ്തു. കരാറുകാര്‍ നടത്തുന്ന പരിപാടി എന്ന് അര്‍ത്ഥമാകിയത് ഭൂമിപൂജയാണ്. ഇത് കുട്ടികളുടെ എതിര്‍പ്പിനെ ഭയന്ന് വൈസ്ചാന്‍സ്‌ലര്‍ എടുത്ത മുന്‍കൂര്‍ ജാമ്യമാണ്.” സര്‍വ്വകലാശാല ഒരു വിദ്യാര്‍ത്ഥി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളോട് ഭൂമി പൂജയെപ്പറ്റി പറയുകയും ഔദ്യോഗിക യോഗങ്ങളിലോ നോട്ടിസിലോ ഇത് മറച്ചുവെക്കുകയും ചെയ്യുന്നത് പ്രതിഷേധ ഭയം കൊണ്ടോ പരിപാടി സുരക്ഷിതമായി നടക്കണം  എന്ന നിശ്ചയത്തിന്റെ ഭാഗമായാണ്. അല്ലെങ്കില്‍ സര്‍വ്വകലാശാല ഭൂമി പൂജ നടത്തുമെന്ന് കുട്ടികളോട്  മറച്ചുവെക്കേണ്ട കാര്യമെന്താണെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു

സര്‍വ്വകലാശാല ഭരണം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും ഭൂരിഭാഗം ജീവനക്കാരും ബി.ജെ.പി പ്രവര്‍ത്തകരോ അവരുടെ ഒത്താശക്ക് നിന്നുകൊടുക്കുന്നവരോ ആണെന്നുമുള്ള ആരോപണം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നുണ്ട്. ഏകാധിപത്യപരമായ നിലപാടുകള്‍ കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സര്‍വ്വകാലശാലയെക്കുറിച്ച് വിദ്യാര്‍ത്ഥിള്‍ക്ക് പലര്‍ക്കും പ്രതീക്ഷ നഷ്ട്ടപ്പെട്ട അവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍വ്വകലാശാല നടത്തിയ ഒരു ഔദ്യോഗിക പരിപാടിയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് മുന്നില്‍ ഭൂമിപൂജക്കെതിരെ നിലപാട് വ്യക്തമാക്കിരുന്നു. അതേസമയം ഭൂമി പൂജയ്‌ക്കെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് വിദ്യര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more