| Monday, 18th November 2019, 6:47 pm

കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പുതുവര്‍ഷം തൃശ്ശൂരില്‍ വിദ്യാര്‍ഥികള്‍ വലയം തീര്‍ക്കുന്നു; അണിനിരക്കുന്നത് ആയിരക്കണക്കിനു പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പുതുവര്‍ഷം തൃശ്ശൂരില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു വലയം തീര്‍ക്കുന്നു. ലോകമെമ്പാടുമുള്ള യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോടൊപ്പം അണിചേര്‍ന്നുകൊണ്ടാണു കേരളത്തിലെ വിദ്യാര്‍ഥികള്‍ കാലാവസ്ഥാ വലയം തീര്‍ക്കുന്നത്.

2020 ജനുവരി ഒന്നിനു തൃശ്ശൂര്‍ നഗരത്തില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണു വലയം സൃഷ്ടിക്കുന്നത്. വിദ്യാര്‍ഥികളോടൊപ്പം ഗ്രേറ്റ തന്‍ബര്‍ഗിന്റെ കൂടെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രതിഷേധവുമായെത്തിയ റിദ്ദിമ പാണ്ഡേ എന്ന പതിമൂന്നുകാരിയും പങ്കെടുക്കും.

കൂടാതെ കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്‌കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും വലയത്തില്‍ കണ്ണിയാകും. 2020 ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വിദ്യാര്‍ഥികള്‍ തൃശൂര്‍ റൗണ്ടിനു ചുറ്റും വലയമൊരുക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. പിന്നീട് സമ്മേളനവും സാംസ്‌കാരിക പരിപാടികളും നടക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൃശൂര്‍ നഗരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍വകലാശാലകള്‍, കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളില്‍ നിന്നാണു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി അണിചേരും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാലാവസ്ഥാ ക്ലാസ്സുകള്‍, ലോഗോ പ്രകാശനം, പോസ്റ്റര്‍-വീഡിയോ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി വിദ്യാര്‍ഥികളും അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങിയ സംഘാടക സമിതിയോഗം സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ഡോ. വി.എസ് വിജയന്‍, പ്രൊഫ. കുസുമം ജോസഫ്, സി.ആര്‍ നീലകണ്ഠന്‍, ഡോ. വിദ്യാസാഗര്‍ എന്നിവര്‍ രക്ഷാധികാരികളായും ഡോ. ടി.വി സജീവ് ചെയര്‍മാനായും, വി.കെ ശശികുമാര്‍ കണ്‍വീനറായും, നിധീഷ് പി മധു, അഭിരാമി സി, സ്മിത പി.എസ്, മഞ്ജുള വി.ആര്‍, വി.എസ് ഗീരീശന്‍ മാസ്റ്റര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു

We use cookies to give you the best possible experience. Learn more