ന്യൂദല്‍ഹി: കേരളാ സ്‌റ്റോറി സിനിമയുടെ റിലീസിന് പിന്നാലെ വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന വിദ്വേഷ ഇടപടലുകളെ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വിദ്യാര്‍ത്ഥി. ജാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നാടകവിഭാഗം ഗവേഷകനായ ശ്യാമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുള്ള കത്തെഴുതിയത്.
കേരളാ സ്റ്റോറി റിലീസിനെ തുടര്‍ന്ന് തന്നെ പോലെ നോര്‍ത്തില്‍ ഉപരിപഠനം തേടി എത്തിയ ആയിരക്കണക്കിന് കുട്ടികള്‍ ആശങ്കയിലാണെന്ന് ശ്യാം പറയുന്നു. നോര്‍ത്ത് ഇന്ത്യയിലെ ക്യാമ്പസുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളെ, പ്രത്യേകിച്ചു പെണ്‍കുട്ടികളെ കൂടെ പഠിക്കുന്നവര്‍ വരെ സംശയത്തിന്റെ കണ്ണുകളില്‍ നോക്കികൊണ്ടിരിക്കുന്ന അവസ്ഥായണുള്ളതെന്ന് ശ്യാ പറഞ്ഞു.
ബംഗാള്‍ ഉള്‍പ്പെടെ ഈ സിനിമ കാണിക്കില്ല എന്ന നിലപാട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേരളം ഇങ്ങനെ ഒരു നിലപാട് എടുക്കാത്തതെന്നും ശ്യാം മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ചോദിക്കുന്നു.
ശ്യാം സോര്‍ബ എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഒരു തുറന്ന കത്ത്,
പ്രിയപ്പെട്ട സഖാവെ, ഈ കത്ത് താങ്കളിലേക്ക് എത്തുമോ എന്ന് ഒരു ഉറപ്പും ഉണ്ടായിട്ടല്ല ഇത് എഴുതുന്നത്. എങ്കിലും ഈ കാര്യങ്ങള്‍ പറയണം എന്ന് തോന്നിയത് കൊണ്ട് മാത്രം എഴുതുന്നു.
ഞാന്‍ ശ്യാം, ജാര്‍ഖണ്ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നാടകവിഭാഗം ഗവേഷകനാണ്. ഞാന്‍ ഉള്‍പ്പെടെ 50ല്‍ അധികം കുട്ടികള്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ജാര്‍ഖണ്ടില്‍ ഉപരിപഠനം തുടരുന്നുണ്ട്.
അതുപോലെ ഇന്ത്യയിലെ 54 കേന്ദ്ര സര്‍വകലാശാലകളിലും മറ്റ് കലാലയങ്ങളിലും ഒക്കെ ആയി 1000ത്തിനു് മുകളില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്. അതില്‍ പകുതിയോളം പെണ്‍കുട്ടികളും. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി ഞങ്ങള്‍ ഉള്‍പ്പെടെ ഉള്ള കുട്ടികള്‍ വലിയ മാനസിക സങ്കര്‍ഷങ്ങളില്‍ കൂടെ ആണ് കടന്ന് പോകുന്നത്. അതിന് കാരണം കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് ഇറങ്ങുകയും ഇറങ്ങും മുന്‍പ് തന്നെ ചര്‍ച്ച ആകുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ തന്നെ ആണ്. ഒരു സിനിമ കാണാതെ അതിനെപ്പറ്റി സംസാരിക്കുന്നത് ശരിയല്ല എന്ന പക്ഷം ഉള്ളത് കൊണ്ടാണ് ഇത്രയും ദിവസം ആയി ഒരു വരി പോലും അതേപറ്റി കുറിക്കാതിരുന്നത്.
പക്ഷെ ഇനിയും അതിന് പറ്റില്ല. സിനിമയുടെ ട്രെയിലര്‍, അതിന്റെ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ് ഒക്കെ എന്തുമാത്രം മോശം രാഷ്ട്രീയ അജണ്ടകള്‍ ആണ് മുന്നോട്ട് വെക്കുന്നത് എന്ന് ഞാന്‍ ഇനിയും എടുത്ത് പറയേണ്ട കാര്യമില്ല. ഇന്ന് ഇതാ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ കൃത്യമായി സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട കൊണ്ട് നടക്കുന്ന കുട്ടികള്‍ സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിച്ചുകൊണ്ടിരിക്കുന്നു. ഇതിനോടകം നോര്‍ത്ത് ഇന്ത്യയിലെ ക്യാമ്പസുകളില്‍ പഠിക്കുന്ന കുട്ടികളെ, പ്രത്യേകിച്ചു പെണ്‍കുട്ടികളെ കൂടെ പഠിക്കുന്നവര്‍ വരെ സംശയത്തിന്റെ കണ്ണുകളില്‍ നോക്കികൊണ്ടിരിക്കുന്നു. എവിടെയും തൊടാതെ കൊള്ളിച്ചു കൊണ്ടുള്ള സംസാരങ്ങള്‍ അവര്‍ക്ക് നേരെ വന്നുകൊണ്ടിരിക്കുന്നു. അതില്‍ ഒരു പ്രതേക മതവിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അതിലും ഭീകരമാണ്.
ഇത് ഞങ്ങളുടെ കഥയല്ല എന്ന് നൂറുവട്ടം പലരോടും പറഞ്ഞു, മെസേജ്, ഫോണ്‍ കോള്‍, നേരിട്ട് ഒക്കെ പറഞ്ഞു കഴിഞ്ഞു. കൃത്യമായ സ്റ്റേറ്റ്‌മെന്റ് ഇറക്കി. പക്ഷെ അപ്പോഴൊക്കെ അവര്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. ‘ഇത് നിങ്ങളുടെ കഥ അല്ലെങ്കില്‍, അവിടെ ഇങ്ങനെ ഒക്കെ നടന്നിട്ടില്ല എങ്കില്‍ പിന്നെ എന്തുകൊണ്ട് സിനിമ അവിടെ നിരോധിച്ചില്ല?’. ഈ ഒരു ചോദ്യത്തിന് എന്ത് ഉത്തരം നല്‍കണം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ശരിയാണ് ഈ ചോദ്യം ഞങ്ങളെ തോല്‍പ്പിക്കും.
ബംഗാള്‍ ഉള്‍പ്പെടെ ഈ സിനിമ കാണിക്കില്ല എന്ന നിലപാട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സഖാവെ നമ്മുടെ സംസ്ഥാനം ഇങ്ങനെ ഒരു നിലപാട് എടുക്കാത്തത്? ഇത്രയും വൃത്തികെട്ട ഒരു രാഷ്ട്രീയ അജണ്ട അതിന്റെ പുറകില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കാന്‍ പറ്റാത്തത്?
കേരളത്തില്‍ ജീവിക്കുന്ന ആളുകളെ ഇത് മാനസികമായി എത്രമാത്രം ബാധിക്കുന്നുണ്ട് എന്ന് അറിയില്ല. പക്ഷെ പേടിയോടെയാണ് ഇപ്പോള്‍ കുട്ടികള്‍ ക്ലാസില്‍ പോകുന്നത്, പല കുട്ടികളും മാറ്റി നിര്‍ത്തപ്പെടുന്നു. നീ ഒരു മുസ്‌ലിം അല്ലേ എന്ന പുച്ഛം കലര്‍ന്ന ചോദ്യങ്ങള്‍ കുട്ടികള്‍ ഇതിനോടകം നേരിടുന്നു. ഓ കേരളക്കാര്‍ എന്ന കളിയാക്കലുകള്‍ കുട്ടികള്‍ക്കു നേരിടുന്നു. എന്ത് ഉറപ്പ് നല്‍കാന്‍ കഴിയും ഈ കുട്ടികള്‍ അവരുടെ പഠനം പൂര്‍ത്തിയാക്കും എന്ന കാര്യത്തില്‍?
ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എങ്ങനെ ഞങ്ങള്‍ മറികടക്കും?
സഖാവെ, ഞങ്ങള്‍ക്ക് പഠിക്കണം. പേടി കൂടാതെ ക്ലാസ്സ് റൂമുകളില്‍ പോകണം. മറ്റ് കുട്ടികളുടെ കൂടെ കൈ ചേര്‍ത്ത് നടക്കണം. പരിപാടികളില്‍ അവരുടെ കൂടെ നില്‍ക്കണം. അതിന് ഇനി കേരള സര്‍ക്കാര്‍ തീരുമാനം എടുക്കണം. കേരള സ്റ്റോറി
എന്ന രാഷ്ട്രീയ അജണ്ട മുന്‍നിര്‍ത്തി ഒരു സംസ്ഥാനത്തെ ആകെ ഇല്ലാതെയാക്കുന്ന സിനിമക്ക് എതിരെ കൃത്യമായ നടപടി ഇനിയും ഉണ്ടായില്ല എങ്കില്‍ അത് ഉണ്ടാക്കാന്‍ പോകുന്ന ഭവിഷത്ത് വലുതായിരിക്കും.
ഞങ്ങള്‍ക്ക് അവരുടെ മുന്നില്‍ പറയാന്‍ പറ്റണം ഇത് ഞങ്ങളുടെ കഥാ അല്ല എന്ന്…
അതിന് തടസ്സം ഉണ്ടാക്കരുത്. ഞങ്ങള്‍ പഠിക്കട്ടെ….
എന്ന്, നോര്‍ത്ത് ഇന്ത്യയില്‍ ഉപരിപഠനം തേടി എത്തിയ ആയിരക്കണക്കിന് കുട്ടികളില്‍ ഒരുവന്‍….
Content Highlight: Student writes an open letter to Chief Minister Pinarayi Vijayan