ജെ.എന്‍.യുവില്‍ അക്രമികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത് എ.ബി.വി.പി പ്രവര്‍ത്തകയാണെന്ന വ്യാജേന; വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
JNU
ജെ.എന്‍.യുവില്‍ അക്രമികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടത് എ.ബി.വി.പി പ്രവര്‍ത്തകയാണെന്ന വ്യാജേന; വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 1:15 pm

ന്യൂദല്‍ഹി: ദല്‍ഹി ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച നടന്ന അക്രമസംഭവങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത് എ.ബി.വി.പി പ്രവര്‍ത്തകനാണ് എന്ന വ്യാജേനയാണെന്ന് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ കാമ്പസില്‍ തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, സുസ്മിത ദേവ്, അമൃത ദവാന്‍, സയ്യിദ് നാസര്‍ ഹുസൈന്‍ എന്നിവര്‍ ബുധനാഴ്ച്ച കാമ്പസില്‍ എത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജേഷ് കുമാര്‍, ആര്യ എന്നിവരാണ് തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയത്. വടികളും, ഇരുമ്പ് ദണ്ഡുകളും ചുറ്റികയുമായി 20 അംഗസംഘം വൈകുന്നേരം 6:45 ഓടെ സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ കണ്ടിരുന്നുവെന്നും ആര്യ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു.

‘ഹോസ്റ്റലിന്റെ രണ്ടാം നിലയിലാണ് എന്റെ മുറി. ഞാന്‍ താഴെ നോക്കിയപ്പോള്‍ കാണുന്നത് ഒരാള്‍ ഓരോ മുറികളിലായി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ തല്ലുന്നതാണ്. അക്രമികളില്‍ പലരുടേയും മുഖം മറച്ചിരുന്നു.’ ആര്യ പറഞ്ഞു.

റൂമിന് മുന്നിലെത്തിയ അക്രമി കതകിന് മുട്ടുകയായിരുന്നു എന്നാല്‍ വാതില്‍ തുറക്കാതെ വന്നതോടെ കതക് പൊളിച്ച് അവര്‍ അകത്ത് കയറി. അവര്‍ തന്നെ തള്ളിയിട്ടെന്നും പേരും തന്റെ രാഷ്ട്രീയ നിലപാടുകളും ചോദിച്ചുവെന്നും ആര്യ പറയുന്നു.

എന്നാല്‍ താന്‍ എ.ബി.വി.പി പ്രവര്‍ത്തകയാണെന്ന് കള്ളം പറയുകയായിരുന്നു. പക്ഷെ അവര്‍ തെളിവുകള്‍ ആവശ്യപ്പെട്ടു. പിന്നാലെ തന്റെ കയ്യിലുള്ള ഹിന്ദു നാഷണലിസം: എ റീഡര്‍ എന്ന പുസ്തകം കാണിച്ചതോടെയായിരുന്നു അവര്‍ക്ക് വിശ്വാസമായതെന്നും ആര്യ വെളിപ്പെടുത്തി.

ബുധനാഴ്ച്ചയായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ജെ.എന്‍.യു കാമ്പസിലെത്തിയത്. സംഘം വിദ്യാര്‍ത്ഥികളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഏകദേശം 60 ലധികം വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും അക്രമം നടന്നതിന്റെ നിരവധി തെളിവുകള്‍ അവിടെയുണ്ടെന്നും സുസ്മിത ദേവ് അറിയിച്ചിരുന്നു. സന്ദര്‍ശന റിപ്പോര്‍ട്ട് ഞായറാഴ്ച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറും.