വിജയപുര: കര്‍ണാടകയില്‍ തിലകം അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജ് കവാടത്തില്‍ തടഞ്ഞ് അധ്യാപകര്‍. വിദ്യാര്‍ത്ഥിയോട് തിലകം മായ്ച്ചുകളഞ്ഞതിന് ശേഷം മാത്രം കോളേജില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ഹിജാബും കാവിഷാളും പോലെ തന്നെ തിലകവും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. എന്നാല്‍ തിലകം മായ്ച്ചുകളയാന്‍ വിദ്യാര്‍ത്ഥി വിസമ്മതിച്ചതോടെ തിരികെ വീട്ടിലേക്ക് മടങ്ങണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
ഇതോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. മതപരമായ വസ്ത്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്നും തിലകം അണിയുന്നതിനല്ലെന്നും ക്ലാസ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ വാദിച്ചു.
സംഭവം അറിഞ്ഞ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലേക്കെത്തുകയും അധികൃതര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ പൊലീസ് കോളേജിലെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
അതേസമയം കര്‍ണാടക ഹൈക്കോടതിയില്‍ ഹിജാബ് വിഷയത്തിന്മേലുള്ള വാദം തുടരുകയാണ്. തിലകം, വളകള്‍, സിഖുകാര്‍ ധരിക്കുന്ന തലപ്പാവ്, രുദ്രാക്ഷം എന്നിവ പോലെ ഹിജാബും ഒരു മതപരമായ ആചാരമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു മതാചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാദിച്ചത്. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തിങ്കളാഴ്ചയും വാദം തുടരും.