അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍
Kerala News
അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 3:09 pm

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജനക്കമ്മീഷന്‍. വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ആവശ്യപെട്ടതായി കമ്മീഷന്‍ പ്രസ്താവനയിറക്കി.

‘അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള സംസ്ഥാന യുവജനകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ത്ഥിനിയും തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയുമായ ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കോളേജിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈല്‍ അധ്യാപകര്‍ പിടിച്ചെടുത്തതായും ഇതിന് പിന്നാലെ ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ശ്രദ്ധയുടെ മരണത്തില്‍ കാത്തിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ആവശ്യപെട്ടു,’ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു മരണത്തെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥിനിയുടെ പിതാവ് സതീഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. വിദ്യാര്‍ത്ഥിനിക്ക് തുടര്‍ച്ചയായി മനോവിഷമം ഉണ്ടാക്കിയവരാണ് മരണത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ രണ്ടിനാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.

content highlight: Student suicide of Amaljyoti Engineering College; The Youth Commission took the case on its own initiative