| Thursday, 6th November 2014, 9:35 am

എന്‍.സി.സി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ വിദ്യാര്‍ഥി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ നടന്ന എന്‍.സി.സി ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വടകര കുറിച്ചിലോട്ടെ മംഗലശേരി വീട്ടില്‍ കുഞ്ഞമ്മദിന്റെ മകന്‍ അനസ് (18) ആണ് മരിച്ചത്.

ബംഗളുരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനസ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. നാദാപുരം കല്ലിക്കണ്ടി എന്‍.എ.എം കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

സെപ്റ്റംബര്‍ 10ന് കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍.സി.സിയുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെയാണ് അനസിന് വെടിയേറ്റത്. ക്യാമ്പിന്റെ ഭാഗമായി കാഡറ്റുകള്‍ക്ക് .22 തോക്ക് ഉപയോഗിച്ചുള്ള വെടിവെയ്പ്പ് പരിശീലനം നല്കുന്നതിനിടെയായിരുന്നു അപകടം.

50 മീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച ടാര്‍ഗറ്റ് ബോക്‌സിലേക്കാണ് കാഡറ്റുകള്‍ വെടിവെക്കേണ്ടത്. ടാര്‍ഗറ്റ് ബോക്‌സില്‍ ചാര്‍ട്ട് ഒട്ടിച്ചുവെക്കുന്ന ചുമതല അനസിനായിരുന്നു. ചാര്‍ട്ട് ഒട്ടിച്ച് തിരിച്ചുപോകുന്നതിനിടെ അനസിന് വെടിയേല്‍ക്കുകയായിരുന്നു.

പരിക്കേറ്റ അനസിനെ ഉടന്‍ തന്നെ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും  പ്രാഥമികചികിത്സയ്ക്കുശേഷം തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കും തുടര്‍ന്ന് ബംഗളുരു സൈനികാശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ വടകരയിലേക്ക് കൊണ്ടുവരും.

We use cookies to give you the best possible experience. Learn more