national news
'മദ്രാസ് ഐ.ഐ.ടിയിലെ ആത്മഹത്യകള്‍ അധികൃതര്‍ മറച്ചുവെക്കുന്നു'; ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് പൂര്‍വ്വ വിദ്യാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 24, 03:24 am
Sunday, 24th November 2019, 8:54 am

 

ചെന്നൈ: ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതിന് പിന്നാലെ മദ്രാസ് ഐ.ഐ.ടിയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് പൂര്‍വ്വ വിദ്യാര്‍ത്ഥി. ഫാത്തിമ ലത്തീഫ് പഠനം നടത്തിയിരുന്ന വകുപ്പില്‍ നിന്നും കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിയാസ് മുഹമ്മദ് എന്ന വിദ്യാര്‍ത്ഥിയാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.

യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ പേരുകള്‍ പോലും അധികൃതര്‍ മറച്ചുവെക്കാറുണ്ടെന്നും രഹസ്യ സ്വഭാവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളതെന്നും ബിയാസ് പറയുന്നു. മീഡിയവണിനോടായിരുന്നു ബിയാസിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘2008 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഐ.ഐ.ടികളില്‍ പഠനത്തിന് എത്തിയത്. അതുവരെ വരേണ്യവിഭാഗം മാത്രം പഠിച്ചിരുന്ന ഒരിടത്ത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എത്തുമ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ടാണ്. അത് പരിഹരിക്കാനുള്ള നടപടികളൊന്നും ഭരണവിഭാഗത്തിന്റെയോ അധ്യാപകരുടെയോ ഭാഗത്ത് നിന്നും ഉണ്ടാകാറില്ലെന്ന്’ബിയാസ് പറഞ്ഞു.

ഇതൊരു അരാഷ്ട്രീയ ഇടമാണ്. അത് അങ്ങിനെ തന്നെ നിലനില്‍ക്കണമെന്നാണ് അവിടുത്തുകാര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും ബിയാസ് പറഞ്ഞു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത കണ്ടെത്തുക, മരണപ്പെട്ട മകളെ അവഹേളിച്ചവര്‍ക്കെതിരേയും മദ്രാസ് ഐ.ഐ.ടിയില്‍ തുടരുന്ന ആത്മഹത്യയെകുറിച്ചും അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ അന്വേഷണസംഘത്തിന്റെ ഭാഗമാണെന്നും ക്രൈബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം സി.ബി.ഐ അന്വേഷണം പരിഗണിച്ചാല്‍ മതിയെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ