തിരുവനന്തപുരം: കോട്ടയം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യുട്ടിലെ സമരം ഒത്തുതീര്‍പ്പായെങ്കിലും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ഇനി സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍.
15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തങ്ങളുടെ സമരമെന്നും അതില്‍ എല്ലാ കാര്യങ്ങളും റിട്ടണ്‍ സ്‌റ്റേറ്റ്‌മെന്റായി തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
‘ഉടന്‍ അക്കാഡമിക്‌സ് പുനരാരംഭിക്കാനും ജീവനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കി.
50 ദിവസമായി ഞങ്ങള്‍ സമരം ചെയ്യല്‍ തുടങ്ങിയിട്ട്. ഈ അവസ്ഥയില്‍ കൂടെ നിന്ന ഒരുപാട് ആളുകളുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മാധ്യമങ്ങള്‍ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണം വരെ തന്നത് ചുറ്റുമുള്ള വീട്ടുകാരായിരുന്നു. എല്ലാവര്‍ക്കും നന്ദി.
ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായി ഞങ്ങളിനിയൊരു സഹകരണം ഉണ്ടാകില്ല. ഈ സമരത്തിനിടയില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വര്‍ത്തമാനങ്ങള്‍ ഒട്ടും ശരിയല്ല. അദ്ദേഹവുമായി മുന്നോട്ടുപോകാന്‍ നല്ല ബുദ്ധിമുട്ടുണ്ട്,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം തീര്‍പ്പായത്.
വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം ഡയറക്ടറെ ഒഴിവാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം ഇന്നലെ രാജിവച്ചെന്നും മന്ത്രി പറഞ്ഞു.
‘പുതിയ ഡയറക്ടറെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ച് ഉത്തരവിറക്കി. പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.ടി.കെ രാമചന്ദ്രനെ ചെയര്‍മാനാക്കി ഷാജി എന്‍.കരുണ്‍, ടി.വി. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായാണ് സമിതിയെ നിയമിച്ചത്. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. പഠനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും മാര്‍ച്ച് 31ന് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും,’ മന്ത്രി പറഞ്ഞു.