മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥി തീക്കൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി അധ്യയന വര്‍ഷം ആരംഭിച്ചത്. എന്നാല്‍ മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥിയായ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നതിന്റെ വിഷമം പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.
ദേവിക നന്നായി പഠിക്കുമായിരുന്നെന്നും വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ സാധിക്കാതിരുന്നതും സ്മാര്‍ട്ട് ഫോണില്ലാതിരുന്നതും വിദ്യാര്‍ത്ഥിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മുത്തശ്ശി കാളിയമ്മയും വ്യക്തമാക്കി.
സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ പഠനം തടസ്സപ്പെടുമോ എന്ന് ദേവിക ആശങ്കപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല.
വളാഞ്ചേരിയിലെ ഇരിമ്പിയം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവിക.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)