പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയുടെ പേരില്‍ രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഭഗവല്‍ സിങിന്റേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തന്റെ പിതാവിന്റെ ചിത്രമാണെന്ന് വിദ്യാര്‍ത്ഥിയുടെ കുറിപ്പ്.
ഗോകുല്‍ പ്രസന്നന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് തെറ്റായ പ്രചരണത്തിനെതിരെ രംഗത്തെത്തിയത്. ഭഗവല്‍ സിങിന്റെ സി.പി.ഐ.എം ബന്ധം ആരോപിച്ചാണ് സി.പി.ഐ.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ. പ്രസന്നന്റെ ചിത്രം രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്.
അങ്ങനെ പ്രപചരിപ്പിക്കുന്നത് കഴിഞ്ഞ ദിവസം സി.പി.ഐ.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കോടിയേരി അനുസ്മരണം പരിപാടിയില്‍ പ്രസന്നന്‍ പങ്കെടുത്തതാണെന്ന് ഗോകുല്‍ പ്രസന്നന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ പിതാവും സി.പി.ഐ.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ. പ്രസന്നന്‍, കഴിഞ്ഞദിവസം സഖാവ് കോടിയേരി അനുസ്മരണം സി.പി.ഐ.എം ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നതില്‍ എന്റെ പിതാവും ഉണ്ടായിരുന്നു.
അതാണ് ഭഗവല്‍ സിങ് എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെയുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 35 വര്‍ഷത്തെ അധ്യാപക ജീവിതത്തിലൂടെ നേടിയ സല്‍ പേര് തകര്‍ക്കാന്‍ ശ്രമിച്ചതിനും സൈ്വര്യ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചതിനും മാനനഷ്ട കേസ് നല്‍കുന്നതാണ്,’ എന്നാണ് ഗോകുല്‍ പ്രസന്നന്‍ എഴുതിയത്.
തിങ്കളാഴ്ച രാവിലെയാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്‌ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്.
തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
Content Highlight: student’s note is that his father’s picture is being circulated on social media as Bhagwal Singh’s