വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മലയാള സര്‍വ്വകലാശാല ഓഫീസില്‍ എയര്‍കണ്ടീഷനുകള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
Education
വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് മലയാള സര്‍വ്വകലാശാല ഓഫീസില്‍ എയര്‍കണ്ടീഷനുകള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
ഗോപിക
Thursday, 29th March 2018, 4:59 pm

ക്ലാസ്സിക് പദവി ലഭിച്ച മലയാളഭാഷയുടെ നിലനില്‍പ്പിനായി ആരംഭിച്ച പ്രാരംഭസ്ഥാപനമാണ് തിരൂരില്‍ സ്ഥിതി ചെയ്യുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല. മികച്ച അക്കാദമിക സൗകര്യവും ഭാഷയുടെ പ്രോത്സാഹനപ്രവര്‍ത്തനങ്ങളും നടത്താന്‍ സര്‍ക്കാരില്‍ നിന്നും നിരവധി ഫണ്ടുകള്‍ സര്‍വ്വകലാശാലയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി ചെലവാക്കുന്നില്ലെന്നും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ സര്‍വ്വകലാശാലാധികൃതരുടെ ധൂര്‍ത്തിനായി മാത്രം ഉപയോഗിക്കുകയാണെന്നും ആരോപിച്ച് കുറച്ച് ദിവസങ്ങളായി സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ സമരത്തിലാണ്.

വിദ്യാര്‍ഥികള്‍ക്കായി സര്‍വ്വകലാശാല നടത്തിവന്നിരുന്ന പഠനയാത്ര, സാംസ്‌കാരിക സെമിനാറുകള്‍ ഉള്‍പ്പെടുന്ന സാഹിതി, ദര്‍ശിനി, സംസ്‌കൃതി തുടങ്ങിയ പരിപാടികള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം റദ്ദ് ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നത്.

 

എന്നാല്‍ ഈ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉന്നയിച്ച സര്‍വകലാശാല തന്നെ ഔദ്യോഗിക ഓഫീസും, അധ്യാപകരുടെ ക്യാബിനും ശീതികരിക്കുന്നതിനായി എയര്‍ കണ്ടീഷന്‍ സ്ഥാപിച്ചിരുന്നു. രാത്രികാലങ്ങളില്‍ കറന്റ് പോയാല്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യുന്നതിനുവരെ നിയന്ത്രണമുള്ള സര്‍വകലാശാലയിലാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിച്ചുരുക്കി സര്‍വ്വകലാശാല അധികൃതരുടെ ധൂര്‍ത്തിനായി പണം ചെലവഴിക്കുന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ അംഗം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിലവില്‍ താല്‍ക്കാലിക സ്ഥലത്താണ് സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്കുള്ള പാചക ഗ്യാസ് സബ്‌സിഡികളും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതുകൂടാതെ സര്‍വ്വകലാശാല സാഹിത്യപരിപാടിയായ സാഹിതിയുടെ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം വാങ്ങാനായി സൗജന്യമായി 500 രൂപയുടെ കൂപ്പണുകള്‍ നല്‍കാറുണ്ട്. എന്നാലിപ്പോള്‍ നല്‍കുന്ന അഞ്ഞൂറു രൂപയില്‍ 250 രൂപയുടെ പുസ്തകങ്ങള്‍ മാത്രം വാങ്ങണമെന്ന് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ ആനുകൂല്യത്തില്‍ വരെ കൈകടത്തുന്ന സര്‍വ്വകലാശാല നയങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയതെന്ന് മലയാളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ചെയര്‍മാന്‍ പ്രണവ് കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു.


MUST READ:‘ഞാന്‍ എന്തുകൊണ്ട് മലയാള സര്‍വ്വകലാശാലയിലെ ഉത്തരീയമണിഞ്ഞ് ബിരുദദാനം സ്വീകരിക്കാന്‍ തയ്യാറായില്ല?’ സമൂഹത്തില്‍ വേരുറപ്പിക്കുന്ന സവര്‍ണ്ണതക്കൊരു മറുപടി


ഭാഷയുടെ പേരില്‍ രൂപംകൊണ്ട സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കായി നിരവധി സാംസ്‌കാരിക, സെമിനാറുകളും പരിപാടികളും നടത്തിവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ അധികൃതരുടെ നടപടികള്‍ പ്രകാരം ഈ പരിപാടികള്‍ എല്ലാം തന്നെ നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് പരിപാടികള്‍ പുനരാരംഭിക്കാമെന്ന് സര്‍വ്വകലാശാല ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മധ്യവേനലവധിക്കായി സര്‍വ്വകലാശാല അവധി പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ വിഷയത്തില്‍ ഇതുവരെ തീരുമാനമെടുക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ സമരം രൂക്ഷമാക്കുകയും രജിസ്ട്രാറെ ഉപരോധിക്കുകയും ചെയ്തു.

അതേസമയം ഇതിനു മുമ്പും ഇത്തരത്തില്‍ ക്രമക്കേടുകള്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സാധാരണയായി തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കുന്ന പുസ്തകങ്ങളുടെ അച്ചടി നിര്‍വ്വഹിക്കുന്നത് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി ആണ്. എന്നാല്‍ വിദ്യാര്‍ഥികള്‍ നല്‍കിയ വിവരാവകാശ രേഖകള്‍ പ്രകാരം സര്‍വ്വകലാശാല പുസ്തകങ്ങളുടെ അച്ചടി നിര്‍വ്വഹിച്ചിരിക്കുന്നത് പ്രണതാ ബുക്‌സ് എറണാകുളം എന്ന് സ്ഥാപനമാണ്. അതേസമയം പുസ്തകങ്ങളില്‍ കെ.ബി.പി.എസ് കാക്കനാട് എന്നാണ് അച്ചടിച്ചിരിക്കുന്നത്. കെ.ബി.പി.എസില്‍ അച്ചടിപ്പിക്കാതെ സ്വകാര്യപ്രസ്സില്‍ അച്ചടിപ്പിക്കുകയും എന്നാല്‍ പുസ്തകത്തില്‍ കെ.ബി.പി.എസ് എന്ന രേഖപ്പെടുത്തുകയും ചെയ്തതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്നത്തെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഉഷ ടൈറ്റസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിലെ പുസ്തകങ്ങള്‍ കെ.ബി.പി.എസ്സില്‍ അച്ചടിക്കണമെന്നാണ് നിയമം. ഇത് ലംഘിക്കുന്ന രീതി ശരിയല്ലെന്നും സ്വകാര്യ പ്രസ്സിനെ അടിയന്തിരമായ സാഹചര്യങ്ങളില്‍ മാത്രമേ ആശ്രയിക്കാന്‍ പാടുള്ളുവെന്നും സര്‍വ്വകലാശാല നയരേഖയില്‍ പറയുന്നുണ്ട്.

സര്‍വ്വകലാശാല അധികാരികളുടെ രേഖാമൂലമുള്ള ഉത്തരവില്ലാതെയും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാതെയും മൂന്ന് പ്രസ്സുകളില്‍ നിന്ന് മാത്രം ക്വട്ടേഷന്‍ വിളിച്ച് അച്ചടി നടപടികള്‍ സ്വീകരിച്ചത് ഗുരുതര ക്രമക്കേടാണ്. പുസ്തകം അച്ചടിക്കുന്നതിന് പ്രണതാ ബുക്‌സിന്റെ നിരക്ക് വളരെ കുറവാണെന്ന് പറയുന്നുണ്ടെങ്കിലും ഇവ തമ്മിലുള്ള താരതമ്യപ്പട്ടിക ലഭ്യമാക്കിയിട്ടില്ല. ധാരണ പ്രകാരം കെ.ബി.പി.എസിന്റെ അംഗീകൃത നിരക്കില്‍ നിന്ന് 10 ശതമാനം ഇളവ് സര്‍വ്വകാലശാല പുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ ലഭിക്കുന്നതാണ്. നിലവില്‍ കെ.ബി.പി.എസിനെക്കാള്‍ കൂടിയ അച്ചടി നിരക്ക് സര്‍വ്വകലാശാല നല്‍കേണ്ടതില്ല. ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ മലയാളഭാഷ ഉപജ്ഞാതാവിന്റെ പേരില്‍ രൂപം കൊണ്ട സര്‍വ്വകലാശാലയ്ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവയ്ക്കതിരെ നിരന്തര സമരത്തിലേര്‍പ്പെടാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.