| Sunday, 1st October 2017, 7:14 am

'ഞങ്ങള്‍ക്കു ബുള്ളറ്റ് ട്രെയിന്‍വേണ്ട; ആ പണംകൊണ്ട് റെയില്‍വേ സുരക്ഷിതമാക്കൂ' മോദിക്ക് 17കാരിയുടെ ഹര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഞങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ അല്ല സുരക്ഷിതമായ റെയില്‍വേയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹര്‍ജി. അഹമ്മദാബാദിലെ ശ്രേയ ചവാന്‍ എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ബുളളറ്റ് ട്രെയിനെതിരെയുളള കാമ്പെയ്ന്‍ ശ്രേയ ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 4327 പേരാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 20ന് ലോക്കല്‍ ട്രെയിന്‍ അപകടത്തില്‍ 17 കാരി മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥി റെയില്‍വേയുടെ സുരക്ഷാ വീഴ്ചകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. “ഈ സംഭവത്തിനുശേഷമാണ് ഈ പ്രശ്‌നത്തിനെതിരെ മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. കോളജില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ ജീവനോടെയില്ലെങ്കില്‍ പിന്നെ ബുളളറ്റ് ട്രെയിനിന്റെ ആവശ്യമെന്തിനാണ്” എന്നും ശ്രേയ ചോദിക്കുന്നു.


Also Read:മോദി നുണയന്‍; ഇത്രയും നുണയനായ പ്രധാനമന്ത്രിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല: ആഞ്ഞടിച്ച് രാജ് താക്കറെ


“കണക്കു പറയുകയാണെങ്കില്‍ ദിവസവും മുംബൈ റെയില്‍ ട്രാക്കുകളില്‍ ഒമ്പതുപേരാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒരാവശ്യവുമില്ലാത്ത മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനുവേണ്ടിയുള്ള ഫണ്ട് ലോക്കല്‍ ട്രെയിനുകളുടെ നില മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണം” എന്നാണ് വിദ്യാര്‍ത്ഥി ആവശ്യപ്പെടുന്നത്.

സുഹൃത്തുക്കളിലൊരാളുടെ അപകടമരണമാണ് ശ്രേയയെയും സുഹൃത്ത് താന്‍വി മഹാപന്‍കറിനെയും ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചത്. മിതിഭായ് കോളജിലെ വിദ്യാര്‍ഥിയായ മൈത്രി ഷായാണ് പത്തുദിവസം മുമ്പ് റെയില്‍ അപകടത്തില്‍ മരിച്ചത്.

We use cookies to give you the best possible experience. Learn more