| Friday, 24th November 2023, 9:02 am

നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കല്‍; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറത്ത് നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്റ്ററിന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കി.

പ്രധാനാധ്യാപകരുടെ യോഗത്തില്‍ നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് തിരൂരങ്ങാടി ഡി.ഇ.ഒ വിക്രമന്‍ ആണ്. അച്ചടക്കമുള്ള കുട്ടികളെ മാത്രം പരിപാടിയില്‍ എത്തിച്ചാല്‍ മതിയെന്നും അലമ്പുണ്ടാക്കുന്ന വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്നുമായിരുന്നു ഡി.ഇ.ഒ വിക്രമന്‍ ഉത്തരവ് ഇറക്കിയത്.

ഇതിനെ തുടര്‍ന്ന് ജില്ലയില്‍ ഡി.ഇ.ഒയ്ക്ക് എതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തില്‍ തന്റെ നിര്‍ദേശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഡി.ഇ.ഒ പ്രതികരിച്ചു.

അതേസമയം നവകേരള സദസ്സില്‍ മുഖ്യമന്ത്രി കടന്നുപോവുമ്പോള്‍ റോഡരികില്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതിനെതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.

വെയിലത്ത് നിര്‍ത്തി വിദ്യാര്‍ത്ഥികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ മനസ് വികൃതമാണെന്നും നവകേരള സദസ്സിന്റെ പേരില്‍ സംസ്ഥാനത്തെ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പന്ന്യന്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ നിര്‍ദേശ പ്രകാരം ചമ്പാട് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ റോഡില്‍ ഇറക്കി നിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് പി. മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Content Highlight: Student participation in the Navakerala Sadas; Child Rights Commission took the case on its own initiative

We use cookies to give you the best possible experience. Learn more