ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ വിദ്വേഷപ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്യാണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐ, എസ്.ഐ.ഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുമെന്നതുള്‍പ്പടെയുള്ള ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആഹ്വാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.
സംഭവം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം.
ഇതുകൂടാതെ, പരിപാടി സംഘടിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരായ ഷബാന ഹാഷ്മി, സഫിയ മെഹ്ദി എന്നവര്‍ ദല്‍ഹി ജാമിയ നഗറിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ വീഡിയോ പ്രചരിച്ചതോടെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു. ലോക ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരതിലോവയും ഇതിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇവര്‍ക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാനെങ്കിലും തയ്യാറായത്.
എന്നാല്‍ ചെറിയ വകുപ്പുകള്‍ മാത്രമാണ് പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.കൊലപാതക ആഹ്വാനം മാത്രമായിരുന്നു അവര്‍ നടത്തിയതെന്നും, എന്നാല്‍ കൊലപാതകം നടക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കടുത്ത നിയമങ്ങള്‍ ചുമത്താന്‍ സാധിക്കില്ലെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.
പരിപാടിയില്‍ വാളുകളും ത്രിശൂലങ്ങളും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് പരമ്പരാഗതമായ കാര്യങ്ങളാണെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും വാങ്ങിയില്ലെന്നും ഒരു ആയുധ ഫാക്ടറിയും കണ്ടെത്തിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. അക്കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഡി.ജി.പി പറഞ്ഞതായാണ് വിവരം.