തിരുവനന്തപുരം: ജനം ടി.വിക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു. ഫേസ്ബുക്കിലൂടെ സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കുന്ന തരത്തില്‍ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ജനം ടി.വിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യദിന കാര്‍ഡിനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തിലാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആദേഷ് സുധര്‍മ്മനാണ് പരാതി നല്‍കിയത്. ജനം ടി.വിക്കെതിരെ ഡി.ജി.പിക്കാണ് കെ.എസ്.യു പരാതി നല്‍കിയിരിക്കുന്നത്. കലാപാഹ്വാന കുറ്റം ഉള്‍പ്പെടെ ചുമത്തി നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ജനം ടി.വിക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അടക്കം അപമാനിച്ച, മുഴുവന്‍ സ്വാതന്ത്ര്യ സമരസേനാനികളുടെയും ധീരസ്മരണകളെ അപമാനിച്ച, പൊതു സമൂഹത്തിനുള്ളില്‍ സ്പര്‍ധയുണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജനം ടി.വിയുടെ ശ്രമങ്ങള്‍ക്കെതിരായി അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് പരാതിയില്‍ പറയുന്നത്.
ജനം ടി.വിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യം പങ്കുവെച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രത്തില്‍ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തില്‍, അദ്ദേഹത്തിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ചിത്രമാണ് പങ്കുവെച്ചിരുന്നത്. മഹാത്മാഗാന്ധിക്കെതിരെ വെടിയുതിര്‍ക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത് വിവാദമായതോടെ, ആ പോസ്റ്റ് പിന്‍വലിക്കുകയും മറ്റൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും കെ.എസ്.യു പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഉള്‍പ്പടെ രാഷ്ട്രീയ രംഗത്ത് നിന്നും അല്ലാതെയുമുള്ള നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഈ കാര്‍ഡിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ വ്യാജചരിത്ര നിര്‍മിതിയെന്നാണ് പൊതുവില്‍ ഈ കാര്‍ഡിനെതിരെ ഉയരുന്ന വിമര്‍ശനം.
സഹിച്ചു നേടിയതല്ല പിടിച്ചു വാങ്ങിയതാണ് എന്ന തലക്കെട്ടോടെ ഓഗസ്റ്റ് 14 ബുധനാഴ്ചയാണ് ജനം ടി.വി. അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ കാര്‍ഡ് പ്രസിദ്ധീകരിച്ചത്. 40ലധികം ആളുകളുടെ ചിത്രങ്ങളാണ് ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും താഴെ ഏറ്റവും ചെറുതായി തീരെ പ്രാധാന്യമില്ലാത്ത തരത്തിലാണ് ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ഗാന്ധിയുടെ ചിത്രമുള്ളത്. അംബേദ്കറും, ഭഗത് സിങ്ങുമെല്ലാം ഈ കാര്‍ഡിലുണ്ടെങ്കിലും നെഹ്റുവിന്റെ ചിത്രം ഈ കാര്‍ഡിലില്ല.
എന്നാല്‍ കാര്‍ഡില്‍ ഗാന്ധിയേക്കാള്‍ വലിയ പ്രധാന്യത്തോടെ സവര്‍ക്കറിന്റെയും ഹെഡ്ഗേവാറിന്റെയും ചിത്രം പ്രസിദ്ധീകരിച്ചതിനെ വി.ടി. ബല്‍റാം വിമര്‍ശിച്ചു. കാര്‍ഡിലെ വാചകങ്ങളില്‍ പറയുന്നത് പോലെ ജയിലില്‍ കിടന്ന് സഹിക്കാന്‍ തയ്യാറാകാതെ മാപ്പെഴുതി നല്‍കിയ സ്വന്തം സ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ ആളാണ് സവര്‍ക്കറെന്ന് അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷുകാരോട് സമരം ചെയ്ത് സമയം പാഴാക്കരുതെന്ന് പറഞ്ഞ ഹെഡ്ഗേവാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
Content Highlight: Student organization KSU has filed a complaint against Janam TV