| Sunday, 7th August 2022, 7:03 pm

മോദി വിമര്‍ശകരെ Name & shame ചെയ്യാന്‍ പറഞ്ഞ പ്രൊഫസറോട്, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും 3 വിദ്യാര്‍ത്ഥി നേതാക്കളുടെ 6 ചോദ്യങ്ങള്‍

അന്ന കീർത്തി ജോർജ്

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ നാഷണല്‍ കോണ്‍ഫറന്‍സില്‍, ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെ കുറിച്ചുള്ള സെഷനില്‍ വിദ്യാര്‍ത്ഥികള്‍ സംവാദത്തിന് അവസരം ചോദിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. മോദിയെ വിമര്‍ശിക്കുന്നവരെ വെറുക്കണമെന്ന നിലയിലുള്ള കടുത്ത വിദ്വേഷ പ്രസംഗമാണ് സെഷന്‍ നയിച്ച പഞ്ചാബ് സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി പ്രൊഫ. ഡി.പി. സിംഗ് നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മോദി@20 എന്ന പുസ്തകത്തെ വെച്ചുകൊണ്ട് മോദിയെയും വലതുപക്ഷത്തെയും വലതുപക്ഷ ചിന്താഗതികളെയും പ്രകീര്‍ത്തിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടന്നത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഒരു മാനസികരോഗമാണെന്ന് വരെ ഡി.പി. സിംഗ് പറഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

‘കാസര്‍ഗോഡ് മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ദല്‍ഹിയിലെ ജാമിഅ മില്ലിയയിലുമെല്ലാം നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ കുട്ടികളെ വിളിച്ചുകൂട്ടി മോദി പ്രകീര്‍ത്തനം നടത്തുന്നുണ്ട്. അവിടങ്ങളിലെല്ലാം നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇവിടെയുമുണ്ടായത്. സാധാരണ കേന്ദ്ര സര്‍വകലാശാലകളിലെ നാഷണല്‍ സെമിനാറുകള്‍ പേപ്പര്‍ പ്രസന്റേഷനൊപ്പം മികച്ച സംവാദങ്ങള്‍ക്കുമുള്ള വേദി കൂടിയാകാറുണ്ട്. എന്നാല്‍ ഇവിടെ ബുക്ക് റിവ്യുവിന് ശേഷം ചോദ്യം പോയിട്ട്, അഭിപ്രായം പറയാന്‍ പോലും ആരെയും അനുവദിച്ചില്ല,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഒരുപക്ഷെ സംവാദത്തിനും ചോദ്യങ്ങള്‍ ചോദിക്കാനും അനുവദിച്ചിരുന്നെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഡി.പി. സിംഗിനോട് എന്തെല്ലാം ചോദിക്കുമായിരുന്നു ?

അഖില്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി

ഒന്ന് : മോദിയെ വിമര്‍ശിക്കുന്നവരെ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘നെയിം ആന്റ് ഷെയിം ദ ഡിസന്റേഴ്‌സ്’ എന്നാണ് ഡി.പി സിംഗ് പ്രസംഗത്തില്‍ പറഞ്ഞത്. അതായത് വിമര്‍ശകരെ കണ്ടെത്തി ഷെയിം ചെയ്യണം എന്ന് ആഹ്വാനം നടത്തുകയാണ്. തെറ്റ് ചെയ്യുന്നവരെ വിമര്‍ശിക്കുന്നവരെ എന്തിനാണ് ഷെയിം ചെയ്ത് മാറ്റിനിര്‍ത്തേണ്ടത് എന്നു കൂടി അദ്ദേഹം പറയണം. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരോട് ഈ രീതിയില്‍ പ്രതികരിക്കുന്നത് ശരിയായ രീതിയാണെന്ന് അദ്ദേഹം കരുതുന്നുണ്ടോ ?

രണ്ട് : പൊളിറ്റിക്കല്‍ കറക്ട്‌നെസ് ഒരു മാനസിക രോഗമാണെന്ന് ഡി.പി. സിംഗ് വാദിച്ചിരുന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസിലൂടെ സ്വയം തിരുത്തിയും തിരുത്തപ്പെട്ടും മുന്നേറുന്ന സമൂഹത്തില്‍ ഇങ്ങനെയൊരു വാദം പറയാന്‍ ധൈര്യം ലഭിക്കുന്നത് പോലും എങ്ങനെയാണ് ? | അഖില്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി

റെജാസ് എം. സിദ്ദീഖ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗം

മൂന്ന് : ഇരുപത് വര്‍ഷത്തെ മോദിയുടെ ഭരണത്തെ കുറിച്ചുള്ള പുസ്തകമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത് എന്നതുകൊണ്ട് തന്നെ, മോദിയുടെ ഭരണം ആരെയാണ് സഹായിച്ചതെന്ന ചോദ്യം ചോദിച്ചേ തീരൂ. അദാനിയെയും അംബാനിയെയും സാമ്രാജ്യത്വ ദല്ലാളുമാരെയുമല്ലാതെ, ഇന്ത്യയിലെ സാധാരണ ജനങ്ങളെ മോദി ഭരണം സഹായിച്ചിട്ടുണ്ടോ?

നാല് : കൊവിഡ് പ്രതിസന്ധിയെ മോദി അതിഗംഭീരമായ രീതിയില്‍ മാനേജ് ചെയ്തുവെന്നാണല്ലോ സെഷനില്‍ പറഞ്ഞിരുന്നത്. അതിഥി തൊഴിലാളികളുടെ മരണമടക്കമുള്ള നിരവധി സംഭവങ്ങള്‍ മോദിയുടെ വീഴ്ചയായിരുന്നില്ലേ? | റെജാസ് എം. സിദ്ദീഖ്, ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അംഗം

പി.യു. സുഹൈല്‍, എന്‍.എസ്.യു.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

അഞ്ച്: ഇന്ത്യയിലെ മാനവ വിഭവശേഷിയോടുള്ള മോദിയുടെ സമീപനത്തെ കുറിച്ചായിരുന്നു പുസ്തകത്തിലും ഡി.പി. സിംഗിന്റെ പ്രസംഗത്തിലും പ്രധാനമായും പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പാദ്യമായ മാനവ വിഭവശേഷിയെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിയായാണ് ഞങ്ങള്‍ മോദിയെ കാണുന്നത്. മാനവ വിഭവശേഷിയെ മത-ജാതി വികാരങ്ങള്‍കൊണ്ട് മറ്റു രീതിയിലേക്ക് തിരിച്ചുവിടുകയാണ്. മോദിക്കും അവരുടെ പാര്‍ട്ടിക്കും ലാഭമുണ്ടാക്കുന്ന എന്നാല്‍ രാജ്യത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന പദ്ധതിയാണ് മോദി നടപ്പാക്കുന്നത് വ്യക്തമാണ്. ഇതേ കുറിച്ച് ഡി.പി. സിംഗിന് എന്താണ് പറയാനുള്ളത് ?

ആറ്: ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതലുള്ള മോദിയുടെ ഭരണമാണല്ലോ മോദി@20 യുടെ പ്രമേയം. മുഖ്യമന്ത്രിയായത് മുതല്‍ ഇന്നു വരെയുള്ള മോദി ഭരണം പരിശോധിച്ചാല്‍, മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കുന്ന, വിമര്‍ശിക്കുന്നവരെ കൊല്ലാന്‍ പോലും മടിയില്ലാത്ത രീതിയാണ് ആ ഭരണത്തിന്റേതെന്ന് വ്യക്തമാണ്. ഇങ്ങനെയുള്ള ഭരണത്തെ എങ്ങനെയാണ് ഇനിയും പുകഴ്ത്താന്‍ കഴിയുന്നത് ? | പി.യു. സുഹൈല്‍, എന്‍.എസ്.യു.ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം

ഈ ചോദ്യങ്ങളടക്കം, ഡി.പി. സിംഗിന്റെ പ്രസംഗത്തിലെ ഓരോ പരാമര്‍ശങ്ങളോടുമുള്ള തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പും സംശയങ്ങളും പ്രകടിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെയായിരുന്നു കോളേജ് അധികൃതര്‍ തടഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍, സെമിനാറില്‍ പങ്കെടുക്കാനെത്തിയ മറ്റു സര്‍വകലാശാലകളിലെ അധ്യാപകരടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തുവന്നിരുന്നു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ കാവിവത്കരണത്തിനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി തന്നെ മുന്നോട്ടുപോകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Content Highlight: Student Organisations against Saffronisation of Central University of Kerala and recent issues at MSW National Conference

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more