കാസര്‍ഗോഡ്: “”ഞാനനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല. എന്ത് തീരുമാനിക്കുമ്പോഴും എന്നെ ഇത്രമാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല. വൈസ് ചാന്‍സലറായ ഗോപകുമാര്‍, രജിസ്ട്രാറായ രാധാകൃഷ്ണന്‍ നായര്‍, പ്രോ വൈസ് ചാന്‍സിലറായ കെ. ജയപ്രസാദ്, ഡോ. മോഹന്‍ കുന്തര്‍ ഇവരെല്ലാം ഞാനെന്ന വ്യക്തിയോട് മാത്രം പ്രത്യേക ദ്രോഹം ചെയ്യുന്നവരല്ല. സാമൂഹ്യ ദ്രോഹികള്‍ കൂടിയാണ് “” -കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയ്‌ക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനി അഖിലിന്റെ ആത്മഹത്യ കുറിപ്പിലെ വാചകങ്ങളാണ് ഇത്.
ഇന്ന് രാവിലെയാണ് തൃശൂര്‍ സ്വദേശിയായ അഖില്‍ താഴത്ത് കൈയുടെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഖില്‍. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അഖിലിപ്പോള്‍.
രാവിലെ സ്‌പോര്‍ട്‌സിന് എത്തിയ വിദ്യാര്‍ത്ഥികളാണ് ഞരമ്പുമുറിച്ച നിലയില്‍ അഖിലിനെ കണ്ടത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അഖിലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ദളിത് ഗവേഷക വിദ്യാര്‍ത്ഥി നാഗരാജിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഖിലിനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയത്. കോളേജിലെ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാഗരാജിനെ പിന്നീട് കേസില്‍ കുടുക്കി ജയിലിലടക്കുകയായിരുന്നു. ഇതേ വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാല നടപടിക്കെതിരെ പന്ന്യന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
തന്നെ പുറത്താക്കിയത് മാത്രമല്ല പ്രശ്‌നമെന്നും വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്‌നമെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അഖിലിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രോ വൈസ് ചാന്‍സിലറെ ഉപരോധിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അഖിലിനെ തിരിച്ചെടുക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് കാമ്പസിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
തനിക്ക് തുടര്‍ന്ന് പഠിക്കണമെന്നും അതിന് എന്തെങ്കിലും സംവിധാനം ഉണ്ടാകണം എന്നും ആവശ്യപ്പെട്ട് അഖില്‍ കാമ്പസ് അധികൃതര്‍ക്ക് കത്ത് എഴുതിക്കൊടുത്തിരുന്നു. പക്ഷേ അത് പരിഗണിച്ചില്ല. അവര്‍ അഖിലിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിക്കൊണ്ടുപോകുകയായിരുന്നു.-അഖിലിന്റെ സഹപാഠികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“”കാമ്പസിനകത്ത് കുറേ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരന്തരമായി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഖില്‍ താഴത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ യൂണിവേഴ്‌സിറ്റി അഖിലിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലയളവ് കഴിഞ്ഞാല്‍ ആ കുട്ടിയെ പുറത്തെടുക്കണമെന്നാണ് നിയമം. എന്നാല്‍ അവനെ പുറത്താക്കുകയാണ് ചെയ്തത്. ഇതോടെ എസ്.എഫ്.ഐ സമരം ഏറ്റെടുത്തു. തുടര്‍ന്ന് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഖിലിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിക്കാമെന്ന ഉറപ്പ് വൈസ് ചാന്‍സിലര്‍ നല്‍കി.
ഇതിന് ശേഷം എക്‌സിക്യൂട്ടീവ് യോഗം എപ്പോള്‍ ചേരുമെന്ന് ചോദിക്കാനായി അഖില്‍ കാമ്പസിനകത്ത് വന്നു. എന്നാല്‍ കാമ്പസില്‍ കയറുന്നതില്‍ നിന്നും അവനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് രജിസ്ട്രാര്‍ ഇറക്കി. ഇതോടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രക്ഷോഭവും മാര്‍ച്ചും നടത്തി. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ തീരുമാനിക്കാനാവില്ലെന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. – അഖിലിന്റെ സുഹൃത്തും എസ്.എഫ്.ഐ നേതാവുമായ സിദ്ധാര്‍ത്ഥ് പറയുന്നു.
അഞ്ച് വര്‍ഷം ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം എം.എ ഇന്റനാഷണല്‍ റിലേഷന്‍സ് ഇന്റഗ്രേറ്റഡ് ആണ് ആ കുട്ടി പഠിച്ചത്. മൂന്ന് വര്‍ഷം തിരുവനന്തപുരത്തും പി.ജി. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലും. ഈ അഞ്ചാമത്തെ വര്‍ഷമാണ് ഈ സംഭവമെല്ലാം നടക്കുന്നത്.
സ്വാഭാവികമായും അവന് മാനസികമായി പ്രയാസങ്ങളുണ്ടായിരുന്നു. അത് ഞങ്ങളോടെല്ലാം പറഞ്ഞിരുന്നു. ഞങ്ങള്‍ നിരന്തരം ഈ വിഷയം ഉയര്‍ത്തുന്നുണ്ടെങ്കിലും കോളേജ് അതോറിറ്റി തീരുമാനമൊന്നും എടുത്തില്ല. അതുകൊണ്ടായിരിക്കാം അവന് ഇത് ചെയ്യേണ്ടി വന്നത്. – സിദ്ധാര്‍ത്ഥ് പറയുന്നു.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്കും പ്രോ വൈസ് ചാന്‍സിലര്‍ക്കുമെതിരെയും അഖില്‍ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും വൈസ് ചാന്‍സിലറും പ്രോ വൈസ് ചാന്‍സിലറും കാമ്പസില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.
പ്രോ വൈസ് ചാന്‍സിലറായ ജയപ്രകാശ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അദ്ദേഹമാണ് അഖിലിനെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത്. വിവരാവകാശം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെയെല്ലാം അവര്‍ ടാര്‍ഗറ്റ് ചെയ്യും. അതുപോലെ അധ്യാപകരേയും.
“മുന്‍പ് നാഗരാജ് എന്ന വിദ്യാര്‍ത്ഥി, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ റൂം മേറ്റായിരുന്നു നാഗരാജ്. അദ്ദേഹം ഒരു ചില്ലുപൊട്ടിച്ചു എന്ന കാരണത്തില്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മാത്രമല്ല അദ്ദേഹത്തെ ജയിലിലടച്ചു. അദ്ദേഹം തിരിച്ചുവന്നെങ്കിലും അന്നത് വലിയ വിഷയമായി. സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായാല്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. അവന്‍ പി. എച്ച്.ഡി സ്‌കോളറാണ്. കേസ് വന്നാല്‍ അവന് വിദേശത്ത് പോലും പോകാന്‍ കഴിയില്ലായിരുന്നു. “- സിദ്ധാര്‍ത്ഥ് പറയുന്നു.
കാമ്പസിലെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ എന്ന അധ്യാപകനെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. മഹാരാഷ്ട്രയിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു അത്. അതിന്റെ പേരിലായിരുന്നു നടപടി.- വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഹോസ്റ്റലില്‍ ടെറസിന് മുകളില്‍ പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കണ്ടാല്‍ അത് ഭാരതീയ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല എന്ന് പറഞ്ഞ് ടെറസ് അടച്ചുപൂട്ടിയ നടപടി വരെ കോളേജില്‍ ഉണ്ടായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കാമ്പസിലെ താത്ക്കാലിക നിയമനങ്ങള്‍ പോലും അനധികൃതമാണെന്നും ഭൂരിഭാഗവും ആര്‍.എസ്.എസുകാരാണ് അവിടെയുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സര്‍വകലാശാലയെ ആര്‍.എസ്.എസിന്റെ കേന്ദ്രമാക്കി മാറ്റാണ് ചിലര്‍ ശ്രമിക്കുന്നത്. എതിര്‍ക്കുന്ന കുട്ടികളെയെല്ലാം ഭീകരവാദികളും മാവോയിസ്റ്റുകളും ആക്കി ചിത്രീകരിക്കുകയാണ് കാമ്പസ് അധികൃതരെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം അഖിലിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂണിവേഴ്‌സിറ്റി നിലപാടൊന്നും എടുത്തിട്ടില്ല.