കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചില്‍ തുടരുന്നു
Kerala News
കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചില്‍ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th August 2023, 7:06 pm

കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു. ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ തോട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൊട്ടില്‍പ്പാലത്തിനടുത്ത സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വാതില്‍ ചവിട്ടി തുറന്നായിരുന്നു പൊലീസ് വീടിനകത്ത് പ്രവേശിച്ചത്. വിവസ്ത്രയാക്കി കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെരച്ചില്‍ നടത്തുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. പ്രതിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ രക്ഷിതാക്കളും ബന്ധുക്കളും ഗള്‍ഫിലാണ്. ഇയാള്‍ ഒറ്റക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. പ്രതി ലഹരിക്ക് അടിമയാണോയെന്ന സംശയം പൊലീസിനുണ്ട്. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പരിചയമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

Content Highlights: Student kidnapped and tortured in kozhikode