| Friday, 29th May 2015, 9:12 am

നരേന്ദ്രമോദിയേയും സര്‍ക്കാര്‍ നയങ്ങളേയും വിമര്‍ശിച്ചു: മദ്രാസ് ഐ.ഐടിയില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളേയും വിമര്‍ശിച്ചതില്‍ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ സംവാദ കൂട്ടായ്മ നിരോധിച്ചു. “അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍” എന്ന സംഘടനയാണ് നിരോധിച്ചത് . എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ചേര്‍ത്ത് നരേന്ദ്ര മോദിക്കെതിരെയും ഹിന്ദി ഭാഷ, ഗോവധം തുടങ്ങിയ സര്‍ക്കാരിന്റെ നയങ്ങളെയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചുവെന്ന് അജ്ഞാത പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

അജ്ഞാതനായ ആള്‍ നല്‍കിയ പരാതിയില്‍ മാനവവിഭ വശേഷി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഈ തീരുമാനം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഐ.ഐ.ടി ക്യാമ്പസില്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങളെ മന്ത്രാലയം നിരീക്ഷിച്ചിരുന്നു. മോദി സര്‍ക്കാരിനേയും പ്രവര്‍ത്തനങ്ങളേയും വിമര്‍ശിച്ച് നടത്തിയ പ്രസംഗം അച്ചടിച്ച് സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ പുറത്തിറക്കിയ ലഘുലേഖയും പരാതിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഉടന്‍തന്നെ സ്ഥാപനത്തിന്റെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി പ്രിസ്‌ക മാത്യു, ഐ.ഐ.ടി ഡയറക്ടര്‍ക്ക് മെയ് 15ന് കത്തയച്ചിരുന്നു.

ഒരാഴ്ച്ച കഴിഞ്ഞ് മെയ് 24 നാലിനാണ് ഐ.ഐ.ടി ഡീന്‍  ശിവകുമാര്‍ എം. ശ്രീനിവാസന്‍ സംഘടനയുടെ അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ്  സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ ഭാരവാഹികള്‍ക്ക് ഇമെയില്‍ ചെയ്തത്. അതേസമയം വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയുള്ള മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിലാണ് സംഘടന അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍.

We use cookies to give you the best possible experience. Learn more