പാട്‌ന: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) യിലെ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാറിലെ ബിഹ്തയിലെ എന്‍.ഐ.ടി ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലാണ് 19കാരിയായ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു.
എന്‍.ഐ.ടിയിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയ അനന്ത്പൂര്‍ സ്വദേശിയായ പല്ലേബി റെഡ്ഡിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ പ്രതിഷേധം രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണവാര്‍ത്ത പരന്നതോടെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് പുറത്ത് തടിച്ചുകൂടിയതായും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
രാത്രി 10.15 ഓടെ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായും പെട്ടന്നുതന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
‘വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മരിച്ച വിദ്യാര്‍ത്ഥി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചുവരുന്നു. മരണത്തിന്റെ കൃത്യമായ കാരണം ഇത് വരെ വ്യക്തമായിട്ടില്ല,’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Content Highlight: student found dead in nit campus hostel patna