| Monday, 13th February 2023, 6:24 pm

'അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കുന്നതാണ് സംവരണം'; ബോംബെ ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ജാതീയതയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്യാമ്പസിനുള്ളിലെ കെട്ടിടത്തിന്റെ ഏഴാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. ബോംബെ ഐ.ഐ.ടിയിലാണ് സംഭവം. ബി.ടെക് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കിയാണ് മരിച്ചത്. 18 വയസായിരുന്നു.

ജാതീയ വിവേചനത്തെ തുടര്‍ന്നാണ് ദര്‍ശന്‍ ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പക്ഷെ ആത്മഹത്യ കുറിപ്പോ മരണത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമാക്കുന്ന മറ്റെന്തെങ്കിലുമോ ലഭിക്കാത്ത സാഹചര്യത്തില്‍ അപകട മരണമായാണ് പ്രാഥമിക ഘട്ടത്തില്‍ പൊലീസ് മരണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൂന്ന് മാസം മുമ്പാണ് ദളിത് വിഭാഗക്കാരനായ ദര്‍ശന്‍ ഐ.ഐ.ടിയില്‍ ചേര്‍ന്നത്. പഠനത്തില്‍ നിന്നുള്ള സമ്മര്‍ദമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍, വ്യക്തിപരമായ കാരണങ്ങളല്ല ദര്‍ശന്റെ മരണത്തിന് പിന്നിലെന്നും ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ (എ.പി.പി.എസ്.സി) ട്വീറ്റ് ചെയ്തു.

ബോംബെ ഐ.ഐ.ടിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമെല്ലാം വ്യാപകമായ അധിക്ഷേപവും വിവേചനവും നേരിടേണ്ടി വരുന്നുണ്ട്. മെറിറ്റില്ലാത്തവര്‍ക്ക് നല്‍കുന്നതാണ് സംവരണം എന്നാണ് ഇവിടെയുള്ളവരുടെ പൊതുധാരണയെന്നും സ്റ്റഡി സര്‍ക്കിള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘ദളിത് ബഹുജന്‍ ആദിവാസി വിദ്യാര്‍ത്ഥികളെ കൂടി ഉള്‍ക്കൊള്ളും വിധം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്‍ക്ലൂസീവാക്കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരവധി പരാതികളും നല്‍കി. പക്ഷെ ഒരു നടപടിയുമുണ്ടായില്ല.

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷത്തില്‍ വന്‍ തോതിലുള്ള വിവേചനവും ഉപദ്രവങ്ങളും അധിക്ഷേപവും ഇവിടെ നേരിടേണ്ടി വരുന്നുണ്ട്. സംവരണ വിരുദ്ധ മനോഭാവമാണ് ക്യാമ്പസില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അര്‍ഹതയില്ലാത്തവരെന്നും മെറിറ്റില്ലാത്തവരെന്നും പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതും പതിവാണ്. അരികുവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ കുറവും ഇത്തരം സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന് കാരണമാകുന്നുണ്ട്,’ എ.പി.പി.എസ്.സി പറഞ്ഞു.

മരിച്ച വിദ്യാര്‍ത്ഥിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പൊലീസ്. വിശദമായ പരിശോധനക്ക് ശേഷമേ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാകൂവെന്ന് പൊലീസ് പറഞ്ഞു.

ദര്‍ശന്റെ മരണം രാജ്യത്തെ വിവിധ ഐ.ഐ.ടികളിലും ഉന്നത കേന്ദ്ര സര്‍വകലാശാലകളിലും നിലനില്‍ക്കുന്ന ജാതീയമായ വിവേചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സംവരണ വിരുദ്ധ മനോഭാവത്തിലെ ഭീകരമായ അപകടങ്ങളും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlight: Student dies at IIT Bombay, casteism allegations raises

We use cookies to give you the best possible experience. Learn more