തിരുവനന്തപുരം: ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കും. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് കേസെടുക്കുക. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ആണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹോട്ടലുടമയ്‌ക്കെതിരെ എടുത്തിരിക്കുന്നത്.[]
കഴിഞ്ഞ പത്താം തിയ്യതിയാണ് ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യൂ റോയി ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നത്. ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സാല്‍വ കഫേ എന്ന ഷവര്‍മ സെന്ററില്‍ നിന്നും ഷവര്‍മ കഴിച്ചിരുന്നു. ഇതിനുശേഷമാണ് സച്ചിന്‍ യാത്ര തിരിച്ചത്.
ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വിവരം വിദേശത്തുളള മാതാപിതാക്കളെ അറിയിച്ചു. ആശുപത്രിയില്‍ പോകാതിരുന്ന സച്ചിനെ പിന്നീട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.