തിരുവന്തപുരം: ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ റിമാന്റിലായിരുന്ന നാല് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹോട്ടലുടമ അബ്ദുള്‍ ഖാദര്‍, ജലീല്‍, രാജ്കുമാര്‍, ജന്തര്‍സേട്ട് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.[]
കഴിഞ്ഞ ജുലൈയിലാണ് ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യൂ റോയി ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്നത്. ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സാല്‍വ കഫേ എന്ന ഷവര്‍മ സെന്ററില്‍ നിന്നും ഷവര്‍മ കഴിച്ചിരുന്നു. ഇതിനുശേഷമാണ് സച്ചിന്‍ യാത്ര തിരിച്ചത്.
ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വിവരം വിദേശത്തുളള മാതാപിതാക്കളെ അറിയിച്ചിരുന്നു. ആശുപത്രിയില്‍ പോകാതിരുന്ന സച്ചിനെ പിന്നീട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്തത്. ഐ.പി.സി 328, 273 വകുപ്പുകള്‍ പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്.