| Friday, 1st March 2024, 12:39 pm

മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുന്നു; ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ഏറ്റുമുട്ടലില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്യാമ്പസ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സംഘര്‍ഷം. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും എ.ബി.വി.പിയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുത പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യസം തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രിയോടെ ഇരു ഗ്രൂപ്പുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഒരു വ്യക്തി മറ്റുള്ളവരെ വടികൊണ്ട് അടിക്കുന്നതും മറ്റൊരു വീഡിയോയില്‍ ഒരാള്‍ വിദ്യാര്‍ത്ഥികളുടെ ശരീരത്തിലേക്ക് സൈക്കിള്‍ എറിയുന്നതും കാണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളായ അന്‍വേഷ റായ്, ശൗര്യ, മധുരിമ എന്നിവരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മൂവരും മെഡിക്കോ-ലീഗല്‍ കേസ് ഫയല്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ നിയന്ത്രണാതീതമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ 1:15ഓടെയാണ് പി.സി.ആര്‍ കോളുകള്‍ ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രോഹിത് മീണ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും രോഹിത് മീണ കൂട്ടിച്ചേര്‍ത്തു.

എ.ബി.വി.പി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളെ വിവേചനരഹിതമായി ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ലിബറേഷനുമായി ബന്ധമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന ആരോപണം ഉയര്‍ത്തി. എ.ബി.വി.പി മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഒറ്റപ്പെടുത്തുകയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിയിലേക്ക് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ അവരുടെ പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഇടത് സംഘടനകള്‍ ചൂണ്ടിക്കാട്ടി.

Content Highlight: Student conflict in JNU

We use cookies to give you the best possible experience. Learn more