ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി മദ്രാസില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേദാര്‍ സുരേഷ് എന്ന മധ്യപ്രദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയിലാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കേദാര്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഐ.ഐ.ടിയില്‍ നടക്കുന്ന നാലാമത്തെ ആത്മഹത്യയാണിത്.
സംഭവത്തില്‍ കുത്തൂര്‍പുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച ഒരു വിദ്യാര്‍ത്ഥിയെ നഷ്ടമായെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാനസിക പിരിമുറുക്കം നേരിടുന്ന വിദ്യാര്‍ത്ഥികളെ പിന്തുണക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള ഇടപെടലുകള്‍ ഇനിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാനസിക പിരിമുറിക്കം കുറക്കുക എന്ന ലക്ഷ്യത്തോടെ behappy@iitm.com എന്ന പേരില്‍ ഹാപ്പിനസ് വെബ്‌സൈറ്റ് ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മദ്രാസ് ഐ.ഐ.ടിയില്‍ മറ്റൊരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.
നേരത്തെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്‍ കുമാര്‍ ജെയ്ന്‍ ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 31നാണ് ഐ.ഐ.ടി മദ്രാസ്, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ സച്ചിന്‍ കുമാര്‍ ജെയ്നിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സച്ചിന്റെ ആത്മഹത്യ റിസര്‍ച്ച് ഗൈഡിന്റെ മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി അധ്യാപകനും പി.എച്ച്.ഡി ഗൈഡുമായ ആശിഷ് കുമാറിനെതിരെ സച്ചിന്‍ ജെയ്നിന്റെ സഹോദരന്‍ ഭാവേഷ് ജെയ്നാണ് ആരോപണവുമായി രംഗത്തെത്തിയത്.
തന്റെ സഹോദരന്‍ മാര്‍ച്ച് 31ന് രാവിലെ ഗൈഡായ ആശിഷ് കുമാറുമായി സംസാരിച്ചിരുന്നെന്നും അതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ഭാവേഷിന്റെ ആരോപണം. സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ കത്തിലാണ് ആശിഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സഹോദരന്‍ രംഗത്തെത്തിയത്. രാജ്യത്തെ ഐ.ഐ.ടികളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തിരുന്നു. ജാതിവിവേചനമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.
Content Highlights: Student commits suicide at IIT Madras