| Friday, 8th October 2021, 3:14 pm

ആശാന്റെ നെഞ്ചത്ത് തന്നെ; വിദ്യാര്‍ത്ഥിയുടെ ടിക്‌ടോക് ചാലഞ്ചില്‍ അധ്യാപികയ്ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ഓര്‍ലെന്‍സ്: വിദ്യാര്‍ത്ഥിയുടെ ടിക്‌ടോക് ചാലഞ്ചില്‍ അധ്യാപികയ്ക്ക് പരിക്ക്. ‘സ്ലാപ് യുവര്‍ ടീച്ചര്‍’ (അധ്യാപകരെ അടിക്കുക) എന്ന ടിക്‌ടോക് ചാലഞ്ചിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥി അധ്യാപികയ്ക്ക് ‘ഗുരുദക്ഷിണ’ നല്‍കിയത്.

അമേരിക്കന്‍ നഗരമായ ന്യൂ ഓര്‍ലാന്‍സിന് സമീപമുള്ള കോവിങ്ടണ്‍ ഹൈസ്‌കൂളിലാണ് സംഭവം. ലാറിയാന ജാക്‌സണ്‍എന്ന 18 വയസ്സുകാരിയാണ് തന്റെ ഇംഗ്ലീഷ് അധ്യാപികയെ ഇടിച്ചിട്ടത്.

അടിയേറ്റ് താഴെ വീണ അധ്യാപികയെ ലാറിയാന തുടരെ തുടരെ ഇടിക്കുകയായിരുന്നു. 64 വയസ്സുള്ള അധ്യാപികയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാറിയാന അധ്യാപികയെ മര്‍ദിക്കുന്ന ദൃശ്യം മറ്റ് വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

‘ഒക്ടോബര്‍ ആദ്യം മുതലാണ് ഈ ടിക്‌ടോക് ചാലഞ്ച് ആരംഭിച്ചത്. സ്ലാപ് യുവര്‍ ടീച്ചര്‍ എന്ന ചാലഞ്ചിന്റെ ഭാഗമായി ഇത്തരത്തില്‍ അധ്യാപകരെ മര്‍ദിക്കുന്ന വീഡിയോകള്‍ വന്നിരുന്നു. ഇതും അത്തരത്തിലുള്ള ചാലഞ്ചിന്റെ ഭാഗമാകാനാണ് സാധ്യത,’ സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു.

അധ്യാപികയെ മര്‍ദിച്ച ലാറിയാനയെ സെന്റ് ടാമ്മനി പാരിഷ് ജയിലിലേക്ക് മാറ്റി. കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം 5,000 ഡോളര്‍ പിഴയും ഒന്നു മുതല്‍ 5 വര്‍ഷം വരെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടതായി വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

‘ഈ പ്രവര്‍ത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണ്. മറ്റ് കുട്ടികള്‍ അവളെ തടയാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനാണ് മത്സരിച്ചത്.

ഇതിന്റെ ഭാഗമായ മറ്റ് കുട്ടികള്‍ക്കെതിരെയും കര്‍ശന നടപടി സ്‌കൂള്‍ അധികാരികള്‍ സ്വീകരിക്കണം. ഇത് ടിക്‌ടോക് ചാലഞ്ചിന്റെ ഭാഗമായാണോ എന്ന കാര്യം പരിശോധിക്കണം,’ സന്റ് ടാമ്മനി പാരിഷിന്റെ ഉന്നതാധികാരിയായ ഫ്രാങ്ക് ജെ. ജബ്ബിയ പറഞ്ഞു.

ലാറിയാന അധ്യാപികയെ മര്‍ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Student attacked teacher for the TikTok challenge

We use cookies to give you the best possible experience. Learn more