| Sunday, 18th June 2023, 9:17 am

എന്റെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ നിങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങണം; വേദിയില്‍ വിജയ്‌യോട് വിദ്യാര്‍ത്ഥിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ വിജയ്‌യോട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി. താരത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷം വേദിയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിനി ആവശ്യമുന്നയിച്ചത്. വിജയ് നടത്തിയ പ്രസംഗത്തില്‍ നിന്നും വോട്ടിന് എത്രത്തോളം വിലയുണ്ടെന്ന് മനസിലായെന്നും തങ്ങളുടെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുമാണ് വിദ്യാര്‍ത്ഥിനി പറഞ്ഞത്.

‘ഒരു വോട്ടിനെ പറ്റി ഒരു കുട്ടിയോട് എത്രത്തോളം നന്നായി പറഞ്ഞുകൊടുക്കാമോ അത്രയും ആഴത്തില്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. അത് എന്റെ മനസില്‍ ആഴത്തില്‍ പതിച്ചിട്ടുണ്ട്. ഇനി വരുന്ന വര്‍ഷം ഞാന്‍ ചെയ്യുന്ന വോട്ടിന് വിലയുണ്ടെന്ന് എനിക്ക് മനസിലായി. അതിന് അണ്ണന്‍ വരണം. അതാണ് എന്റെ ആഗ്രഹം. സിനിമ ഫീല്‍ഡില്‍ മാത്രമല്ല, എല്ലാ ഫീല്‍ഡിലും ഗില്ലിയായിരിക്കണം.

ഞങ്ങളോട് പറഞ്ഞ ഉപദേശത്തിന് നിങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങണം. ഞങ്ങളുടെ വോട്ടിനെ വിലയുള്ളതാക്കി മാറ്റണം. ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക് നേരെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയതുപോലെ ഇനി വരാന്‍ പോകുന്ന എല്ലാത്തിനും ഞങ്ങളുടെ തലൈവനായി വരണം,’ വിദ്യാര്‍ത്ഥിനി പറഞ്ഞു.

പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായാണ് വിജയ് മക്കള്‍ ഇയക്കം പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ വെച്ച് വിജയ് വോട്ടിനെ പറ്റി സംസാരിച്ചത് കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്നും നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നും വിജയ് പറഞ്ഞു.

‘ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാന്‍ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കണം.

സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച്, അംബേദ്കര്‍, പെരിയാര്‍, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്,’ വിജയ് പറഞ്ഞു.

പ്രസംഗത്തിന് പിന്നാലെ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

Contebnt Highlight: Student asks Vijay to enter politics

We use cookies to give you the best possible experience. Learn more