ലക്കിടി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെതിരെ വീണ്ടും പരാതി. ലക്കിടി നെഹ്‌റു ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ് കൃഷ്ണദാസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ആണ് കൃഷ്ണദാസിനെതിരെ രംഗത്തെത്തിയത്.
കോളേജില്‍ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ പരാതി നല്‍കിയ തന്നെ കൃഷ്ണദാസ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തിയതായും സഹീര്‍ പറയുന്നു. പരാതി പിന്‍വലിക്കുന്നതായി എഴുതി വാങ്ങിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.
കേളേജിലെ അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയ തന്നെ കഴിഞ്ഞ മാസം മൂന്നാം തിയ്യതി പാമ്പാടി നെഹ്‌റു കോളേജിലേക്ക് കൊണ്ട് പോവുകയും മര്‍ദ്ദിച്ച് പരാതി പിന്‍വലിക്കുന്നതായി എഴുതി വാങ്ങിക്കുകയായിരുന്നു എന്ന് സഹീര്‍ പറയുന്നു.
സഹീര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോളേജിന് സര്‍വ്വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മര്‍ദ്ദനം മുണ്ടായത്. മര്‍ദ്ദിച്ചവശനാക്കിയ തന്നെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പാമ്പാടി നെഹ്‌റു കോളേജിലെ ക്യഷ്ണദാസിന്റെ മുറിയില്‍ പൂട്ടിയിട്ടതായും സഹീര്‍ പറയുന്നു.
ഇത് ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കളേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥി പറയുന്നു. പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൃഷ്ണദാസിനെതിരെ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.