| Thursday, 17th June 2021, 9:11 pm

സര്‍ക്കാരിനെ ഭയപ്പെടാത്ത സ്ത്രീകളാണ് തങ്ങളെന്ന് ദേവാംഗന, മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍; ദല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും ജയില്‍ മോചിതരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ യു.എ.പി.എ. ചുമത്തിയ മൂന്ന് വിദ്യാര്‍ത്ഥി പ്രവര്‍ത്തകരും ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ച വിദ്യാര്‍ത്ഥി നേതാക്കളായ ആസിഫ് ഇക്ബാല്‍, പിഞ്ച്റാ തോഡ് പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവരാണ് ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായത്. ജാമ്യം നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് ഇവര്‍ ജയില്‍മോചിതരായത്.

ജയില്‍ മോചിതരായ നേതാക്കളെ സ്വീകരിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികളാണ് തിഹാര്‍ ജയിലിന് പുറത്തുവന്നത്. മുദ്രാവാക്യങ്ങള്‍ മുഴക്കി അഭിവാദ്യം ചെയ്താണ് ഇവര്‍ ജയില്‍ മോചിതരായ വിദ്യാര്‍ത്ഥികളെ വരവേറ്റത്.

‘ഞങ്ങള്‍ സര്‍ക്കാരിനെ ഭയപ്പെടാത്ത സ്ത്രീകളാണ്, ഇത് സര്‍ക്കാരിന് നിരാശയുണ്ടാക്കും എന്നതുറപ്പാണ്’ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദേവാംഗന കലിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചതിനാലാണ് പുറത്തിറങ്ങിയത്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു, നടാഷ നര്‍വാള്‍ പറഞ്ഞു. കേസ് ഇപ്പോഴും കോടതിയില്‍ ഉള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും നടാഷ പറഞ്ഞു.

2020 മെയിലാണ് ദേവാംഗന കലിതയെയും നടാഷ നര്‍വാളിനെയും ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുന്നത്. കലാപശ്രമം, നിയമപ്രകാരമല്ലാതെ ഒത്തു ചേരല്‍, കൊലപാതക ശ്രമം, കലാപത്തിനായി ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്.

ജാമിഅ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ അവസാന വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായിരുന്നു ആസിഫ് ഇക്ബാല്‍. 2020 മെയിലാണ് ആസിഫിനെ ദല്‍ഹി പൊലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുന്നത്. രണ്ടാളുടെ ജാമ്യത്തിലും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലുമാണ് മൂന്ന് പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യത്തിന് ശേഷം മുഷ്ടി ചുരുട്ടി ജയിലിലേക്ക് തിരിച്ചുപോകുന്നത് നടാഷയുടെ ചിത്രം നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS: Student-activists Natasha Narwal, Devangana Kalita and Asif Iqbal Tanha walked out of Delhi’s Tihar jail today,

We use cookies to give you the best possible experience. Learn more