| Monday, 22nd November 2021, 9:45 am

മയക്കുമരുന്ന് ഉപയോഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാല് പിടിപ്പിച്ചു; കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് അധ്യാപികക്കെതിരെ വിദ്യാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: മയക്കുമരുന്നു കേസില്‍ പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ എം. രമ തന്നെ കൊണ്ട് കാല് പിടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി മുഹമ്മദ് സനദ്. താന്‍ കാല് പിടിച്ചതല്ല, നിര്‍ബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഭയം കൊണ്ടാണ് മാധ്യമങ്ങളുടെ മുന്നില്‍ ഇതുവരെ വരാതിരുന്നതെന്നും സനദ് പറയുന്നു.

‘കോളേജില്‍ ഇനി തുടര്‍ന്ന് പഠിക്കണമെന്നുണ്ടെങ്കില്‍ നീ എന്റെ കാല് പിടിക്കണമെന്ന് മാം പറഞ്ഞു. നീ മയക്കുമരുന്നു ഉപയോഗിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ട് ഞാന്‍ ഒരു തവണ കാല് പിടിച്ചു. അപ്പോള്‍ ഇത് പോര രണ്ട് കൈ കൊണ്ട് കാല് പിടിക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് നിലത്ത് മടിഞ്ഞ് രണ്ട് കൈ കൊണ്ടും കാല് പിടിച്ചത്. അപ്പോഴും ഇങ്ങനെയല്ല മൂന്ന് പ്രാവശ്യം പിടിക്കണെമെന്ന് പറഞ്ഞു. അപ്പോഴും നിര്‍ബന്ധിതനായി മൂന്ന് പ്രാവശ്യം കാല് പിടിച്ചു,’ സനദ് പറഞ്ഞു.

‘നിന്നെ ഇവിടുന്ന് പുറത്താക്കും നിനക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ആരാണ് ഈ പരാതി തരുന്നതെന്ന് ചോദിച്ചപ്പോള്‍ പരാതി കിട്ടിയിട്ടുണ്ട്. നിനക്കെന്നെ വിശ്വാസമില്ലേയെന്നാണ് ചോദിച്ചത്. ബന്ധുക്കളും സംഘടനാ നേതാക്കളും കോളേജ് അധികൃതരെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സി.സി.ടി.വി തകാരാറിലാണെന്ന് പറഞ്ഞത് തെറ്റാണ്. ഇതിലെ ദൃശ്യങ്ങള്‍ പുറത്ത് കൊണ്ട് വരണം,’ സനദ് ആവശ്യപ്പെട്ടു.

കോളേജ് അധികൃതര്‍ വര്‍ഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന് പ്രിന്‍സിപ്പാള്‍ തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച എസ്.എഫ്.ഐ ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ എം. രമ വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് പിടിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അതില്‍ പരാതി നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഓഫീസിലെത്തി സ്വമേധയാ തന്റെ കാല് പിടിക്കുകയാണെന്നാണ് അധ്യാപിക വിശദീകരിച്ചത്.

കഴിഞ്ഞ മാസം 18 ന് നടന്ന സംഭവത്തില്‍ പി.കെ. നവാസ് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്തതിന് ശേഷം കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിക്കതെിരെ പരാതി നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: student-about-kasargod-government-college-principal-issue

We use cookies to give you the best possible experience. Learn more