ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റാബി സീസണിനു മുന്നോടിയായി പാടങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൊറോണ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
‘പാടങ്ങളിലെ ധാന്യവിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തിയില്ലെങ്കില്‍ നിലവിലെ കൊറോണ പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. കത്തിക്കലിനു ശേഷമുള്ള മലിനീകരണ പദാര്‍ഥങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥെയ്ന്‍ തുടങ്ങിയ വിഷവാതകങ്ങള്‍ കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇത് കൊവിഡ് 19 രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കും. കാരണം കൊറോണ വൈറസ് ശ്വാസകോശത്തെക്കൂടിയാണ് ബാധിക്കുന്നത്’- കാര്‍ഷിക വിദഗ്ധനായ സഞ്ജീവ് നാഗ്പാല്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം പഞ്ചാബില്‍ മാത്രം ഏകദേശം 50000 ഓളം കേസുകളാണ് വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരം കത്തിക്കലിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സമതലങ്ങളിലെ അന്തരീക്ഷത്തിലേക്ക് 18 മുതല്‍ 40 ശതമാനം വരെ വിഷപദാര്‍ഥങ്ങള്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്.
മീഥെയ്ന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍സിനോജെനിക് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ തുടങ്ങിയ വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുവെന്നും ഇത് ശ്വാസകോശ രോഗങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുമെന്നും സഞ്ജീവ് പറഞ്ഞു.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഉയര്‍ന്ന അളവിലുള്ള മലിനീകരണം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിനൊപ്പം മനുഷ്യരില്‍ ശ്വസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാക്കും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ചുക്കൊണ്ടിരിക്കുകയാണ്. വിള അവശിഷ്ടങ്ങളുടെ കത്തിക്കലുകള്‍ വൈറസ് കൂടുതല്‍ പേരില്‍ വ്യാപിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക