അവര്‍ കരുത്തരാണ്, ആ ഇന്ത്യന്‍ താരത്തിന്റെ അവസാന ഇംഗ്ലണ്ട് പര്യടനമാകും ഇത്: സ്റ്റുവര്‍ട്ട് ബ്രോഡ്
Sports News
അവര്‍ കരുത്തരാണ്, ആ ഇന്ത്യന്‍ താരത്തിന്റെ അവസാന ഇംഗ്ലണ്ട് പര്യടനമാകും ഇത്: സ്റ്റുവര്‍ട്ട് ബ്രോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd October 2024, 5:57 pm

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ഐതിഹാസികമായ വിജയമാണ് നേടിയത്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെയും രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെയും വിജയമാണ് ടീം സ്വന്തമാക്കിയത്. ഇനി ഇന്ത്യയക്ക് ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരോടുള്ള പര്യടനമാണ് മുന്നിലുള്ളത്.

ശേഷം 2025ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി-20യും മൂന്ന് ഏകദിനവും അഞ്ച് ടെസ്റ്റും അടങ്ങുന്ന പര്യടനവും ഉണ്ട്. പര്യടനത്തോടനുബന്ധിച്ച് മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വിരാടിന്റെ കരിയറിലെ അവസാന പര്യടനമായിരിക്കുമെന്നാണ് മുന്‍ താരം വിശ്വസിക്കുന്നത്. ഇന്‍സൈഡ് ലോഡ്‌സിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ബ്രോഡ് ഈ കാര്യം പറഞ്ഞത്.

‘ഇത് വിരാടിന്റെ അവസാന ഇംഗ്ലണ്ട് പര്യടനമായിരിക്കാം. ഇന്ത്യ പര്യടനത്തിന് ഒരുങ്ങുമ്പോള്‍ വളരെയധികം കഴിവും ആഴവും അവര്‍ക്കുണ്ടെന്നത് വ്യക്തമാണ്. അതേസമയം ഇംഗ്ലണ്ടിന് അനുഭവസമ്പത്ത് കുറഞ്ഞ യുവ താരങ്ങളാണ് ഉള്ളത്. എന്നാല്‍ ക്രിക്കറ്റിന്റെ ഈ സ്‌റ്റൈല്‍ കളിക്കാനുള്ള വലിയ ടാലന്റ് ഉള്ള കളിക്കാരാണ് അവര്‍,’ ബ്രോഡ് പറഞ്ഞു.

2024 ടി-20 ലോകകപ്പില്‍ വിജയിച്ച ശേഷം വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇനി തന്റെ കരിയറിലെ നിര്‍ണായക ഇവന്റുകളില്‍ വിജയിച്ച് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനാവും 36കാരനായ വിരാടിന്റെ നീക്കമെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളും പറഞ്ഞിരുന്നു.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

 

Content Highlight: Stuart Broad Talking About Virat Kohli And India’s England Series