| Tuesday, 1st August 2023, 8:02 am

ചരിത്രത്തിലാദ്യം 😲 🔥, പിറക്കുമോ ഇനി ഇങ്ങനെയൊന്ന്? വിരമിക്കല്‍ മത്സരത്തില്‍ അത്യപൂര്‍വ റെക്കോഡിട്ട് ബ്രോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ടില്‍ ആഷസ് വിജയം എന്ന മോഹവുമായി വിമാനം കയറിയ ഓസീസിനെ നിരാശരാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് സന്ദര്‍ശകരെ സമനിലയില്‍ തളച്ചത്. അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ട് 34 റണ്‍സിന്റെ വിജയം തങ്ങളുടെ പേരില്‍ കുറിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചു.

ഓവലില്‍ നടന്ന ആഷസിന്റെ അഞ്ചാം മത്സരം ചരിത്രത്തില്‍ എഴുതിവെക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളും ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളുമായ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ വിരമിക്കല്‍ മത്സരം എന്ന നിലയിലാവും ഓവലിലെ ഈ മത്സരം ചരിത്രത്തില്‍ അടയാളപ്പെടുത്തുക.

തന്റെ വിരമിക്കല്‍ മത്സരത്തിലെ അവസാന പന്തില്‍ വിക്കറ്റ് നേടിക്കൊണ്ട് കാലത്തിന്റെ കാവ്യനീതിയെന്നോണം ബ്രോഡ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. കരിയറിലെ 604ാം വിക്കറ്റായി ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ച ബ്രോഡ് തന്റെ ഐതിഹാസിക കരിയറിന് അവസാനവും കുറിച്ചു.

ഈ വിക്കറ്റിന് പിന്നാലെ ഒരു അത്യപൂര്‍വ റെക്കോഡും ബ്രോഡിനെ തേടിയെത്തിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യവെ അവസാന പന്തില്‍ സിക്‌സര്‍ നേടുകയും ബൗളിങ്ങിലെ അവസാന പന്തില്‍ വിക്കറ്റ് നേടുകയും ചെയ്ത ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോഡാണ് ബ്രോഡ് സ്വന്തമാക്കിയത്.

അഞ്ചാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ബാറ്റിങ്ങിനയക്കുകയായിരുന്നു. ഹാരി ബ്രൂക്കിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബെന്‍ ഡക്കറ്റ്, ക്രിസ് വോക്‌സ് എന്നിവരുടെ ഇന്നിങ്‌സിന്റ ബെലത്തിലും ഇംഗ്ലണ്ട് പത്ത് വിക്കറ്റില്‍ 283 റണ്‍സ് നേടി. ബ്രൂക്ക് 91 പന്തില്‍ 85 റണ്‍സ് നേടിയപ്പോള്‍ ഡക്കറ്റ് 41 പന്തില്‍ 41 റണ്‍സും വോക്‌സ് 36 പന്തില്‍ 36 റണ്‍സും നേടി.

ഓസീസിനായി ആദ്യ ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക് നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, ടോഡ് മര്‍ഫി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങില്‍ ആദ്യ ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ സന്ദര്‍ശകര്‍ ലീഡ് നേടി. സ്മിത്ത് 123 പന്തില്‍ 71 റണ്‍സ് നേടുകയും ഉസ്മാന്‍ ഖവാജ, പാറ്റ് കമ്മിന്‍സ്, ടോഡ് മര്‍ഫി എന്നിവര്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്തപ്പോള്‍ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 295 റണ്‍സ് നേടി.

മൂന്ന് വിക്കറ്റുമായി ക്രിസ് വോക്‌സ് ഇംഗ്ലണ്ട് ബൗളിങ് യൂണിറ്റിനെ മുമ്പില്‍ നിന്നും നയിച്ചു. രണ്ട് വീതം വിക്കറ്റുകളുമായി സ്റ്റുവര്‍ട്ട് ബ്രോഡും ജോ റൂട്ടും മാര്‍ക് വുഡും തിളങ്ങിയപ്പോള്‍ ശേഷിക്കുന്ന വിക്കറ്റ് ആന്‍ഡേഴ്ണും സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സിന്റെ കടവുമായി കളത്തിലിറങ്ങിയ ത്രീ ലയണ്‍സ് റൂട്ടിന്റെയും ബെയര്‍സ്‌റ്റോയുടെയും അര്‍ധ സെഞ്ച്വറിയില്‍ സ്‌കോര്‍ പടുത്തുതയര്‍ത്തി. ജോ റൂട്ട് 106 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്‌റ്റോ 103 പന്തില്‍ 78 റണ്‍സും നേടി. ഇവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (55 പന്തില്‍ 42) ക്യാപ്റ്റ്ന്‍ ബെന്‍ സ്റ്റോക്‌സ് (67 പന്തില്‍ 42) എന്നിവരും സംഭാവന നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് 395ലേക്കുയര്‍ന്നു.

384 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കങ്കാരുക്കള്‍ 334 റണ്‍സിന് ഓള്‍ ഔട്ടായി. ഓസീസ് നിരയില്‍ മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ 49 റണ്‍സകലെ സന്ദര്‍ശകര്‍ പോരാട്ടം അവസാനിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ട് ആഷസിലെ സമനിലയും സ്വന്തമാക്കി.

Content Highlight: Stuart Broad scripts historic achievement in retirement match

We use cookies to give you the best possible experience. Learn more