ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ഇന്നിങ്‌സിനും 12 റണ്‍സിനും പരാജയപ്പെട്ടു. രണ്ടാം ഇന്നിങ്‌സില്‍ 149 റണ്‍സിന് ഓള്‍ ഔട്ടായതോടെയാണ് ഇംഗ്ലണ്ടിന് ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നത്. ആദ്യ ടെസ്റ്റിന്റെ മൂന്നാം നാള്‍ തന്നെ ഇംഗ്ലണ്ട് തോല്‍വി സമ്മതിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 165 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു പ്രോട്ടീസ് ബൗളര്‍മാര്‍ പുറത്തെടുത്തത്.
🚨 RESULT | SOUTH AFRICA WIN BY AN INNINGS AND 12 RUNS
An exceptional performance from start to finish by the entire team‼️
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ ഓലി പോപ് മാത്രമാണ് മികച്ചുനിന്നത്. 102 പന്തില്‍ നിന്നും 73 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 20 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മികച്ച റണ്‍സ്‌കോറര്‍.
കഴിഞ്ഞ മത്സരത്തിലെല്ലാം തന്നെ വമ്പനടികളുമായി ഇംഗ്ലണ്ടിന്റെ കുന്തമുനയായ ജോണി ബെയര്‍സ്‌റ്റോ പൂജ്യത്തിനായിരുന്നു പുറത്തായത്.
പ്രോട്ടീസ് സൂപ്പര്‍ താരം കഗീസോ റബാദയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 19 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മാര്‍കോ ജെന്‍സന്‍ രണ്ടും ആന്റിച്ച് നോര്‍ചട്‌ജെ മൂന്ന് വിക്കറ്റും വീഴ്ത്തി ഇംഗ്ലീഷ് പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നിരയിലെ മിക്ക ബാറ്റര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ 326 റണ്‍സാണ് പ്രോട്ടീസ് അടിച്ചു കൂട്ടിയത്.
161 റണ്‍സിന്റ കുറവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തരക്കേടില്ലാതെ തുടക്കമായിരുന്നു ലഭിച്ചത്. എന്നാല്‍ ആ തുടക്കം മുതലാക്കാനാവാതെ വന്നതോടെ ഇംഗ്ലണ്ട് നിര ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞു. പ്രോട്ടീസ് ബൗളര്‍മാര്‍ വീണ്ടും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 149ന് പുറത്തായി.
ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് തോല്‍വിയിലും ആരാധകരെ അല്‍പെങ്കിലും ആശ്വസിപ്പിക്കുന്നത് സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു അസാമാന്യ ക്യാച്ചാണ്. പ്രോട്ടീസ് വാലറ്റക്കാരന്‍ കഗീസോ റബാദയെ പുറത്താക്കിയ ഒരു വണ്‍ ഹാന്‍ഡഡ് ആക്രോബാക്ടിക് ക്യാച്ചായിരുന്നു അത്.
ഇംഗ്ലണ്ടിന്റെ ഫാന്‍സ് ഗ്രൂപ്പായ ബാര്‍മി ആര്‍മിയടക്കമുള്ളവര്‍ ക്യാച്ചിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഇന്നിങ്‌സ് തോല്‍വി ഇംഗ്ലണ്ട് ടീമിനെ നിരാശരാക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ തുടക്കത്തില്‍ തന്നെ വെല്ലുവിളിച്ച പ്രോട്ടീസ് നായകന്റെ വിജയം കൂടിയായിരുന്നു ഇത്.