ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരത്തിന് തുടക്കം. ഒറ്റ ടെസ്റ്റാണ് അയര്‍ലന്‍ഡിന്റെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. ആഷസിന് മുമ്പുള്ള പ്രാക്ടീസ് മാച്ചായാണ് ആരാധകര്‍ ഈ ടെസ്റ്റിനെ കാണുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത പ്രകടനമാണ് ടീം ഒന്നടങ്കം പുറത്തെടുത്തത്. ടെസ്റ്റിന്റെ വശ്യതയാവാഹിച്ച ഫീല്‍ഡിങ് സെറ്റപ്പുമായി അയര്‍ലന്‍ഡിനെ വരിഞ്ഞുമുറുക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെ തന്ത്രം.
ആ തന്ത്രത്തിന് മുമ്പില്‍ ഐറിഷ് പടയ്ക്ക് തുടക്കത്തിലേ അടിപതറിയിരുന്നു. ഏഴ് ഓവറിന് മുമ്പേ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഹാരി ടെക്ടറും ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുമടക്കമുള്ള കരുത്തരെ ഇംഗ്ലണ്ട് തുടക്കത്തിലേ പവലിയനിലേക്ക് മടക്കിയയച്ചിരുന്നു.
ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങി. പി.ജെ. മൂറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് ബ്രോഡ് പുറത്താക്കിയത്. 12 പന്തില്‍ നിന്നും പത്ത് റണ്‍സായിരുന്നു പുറത്താകുമ്പോള്‍ മൂറിന്റെ സമ്പാദ്യം.
ഏഴാം ഓവറിലെ ആദ്യ പന്തില്‍ ബ്രോഡ് വീണ്ടും അയര്‍ലന്‍ഡിനെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയായിരുന്നു ഇത്തവണത്തെ ഇര. സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ നിന്നും പൂജ്യം റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന.
ആ ഓവറിലെ മൂന്നാം പന്തില്‍ ബ്രോഡ് വീണ്ടും കരുത്തുകാട്ടി. കരുത്തനായ ഹാരി ടെക്ടറിനെ മാത്യു പോട്‌സിന്റെ കൈകളിലെത്തിച്ച് ബ്രോഡ് വീണ്ടും ഐറിഷ് പടയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. സില്‍വര്‍ ഡക്കായാണ് ടെക്ടര്‍ മടങ്ങിയത്.
ആദ്യ അഞ്ച് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബ്രോഡ് സ്വന്തമാക്കിയത്.
നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് അയര്‍ലന്‍ഡ്. ഓപ്പണര്‍ ജെയിംസ് മക്കെല്ലവും പോള്‍ സ്റ്റിര്‍ലിങ്ങുമാണ് ക്രീസില്‍.
അയര്‍ലന്‍ഡ് ഇലവന്‍
ജെയിംസ് മക്കെല്ലം, പി.ജെ. മൂര്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി (ക്യാപ്റ്റന്‍), ഹാരി ടെക്ടര്‍, പോള്‍ സ്‌റ്റെര്‍ലിങ്, മാര്‍ക് അഡയര്‍, കര്‍ട്ടിസ് കംഫര്‍, ഫിയന്‍ ഹാന്‍ഡ്, ഗ്രഹാം ഹ്യൂം, ആന്‍ഡി മാക്ബിര്‍ണി, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍).
ഇംഗ്ലണ്ട് ഇലവന്‍
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജോഷ് ടങ്, മാത്യൂ പോട്‌സ്.
Content highlight: Stuart Broad picks 3 early wickets against Ireland