| Wednesday, 19th July 2023, 11:18 pm

എലൈറ്റ് ക്ലബ്ബില്‍ കയറി സ്റ്റുവര്‍ട്ട് ബ്രോഡ്; ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പേസ് ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് നാലാം ടെസ്റ്റ് മത്സരം ആദ്യ ദിനം തന്നെ ആവേശകരമായി മുന്നേറുകയാണ്. അറ്റാക്കിങ് സ്ട്രാറ്റര്‍ജിയുമായ് ഇറങ്ങിയ ഓസ്‌ട്രേലിയയും എറിഞ്ഞിടാന്‍ ഒരുങ്ങി ഇറങ്ങിയ ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ ആവേശത്തിന്റെ പരമോന്നതിയാണ് കാണാന്‍ സാധിക്കുന്നത്.

മത്സരത്തില്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ടെസ്റ്റ് കരിയറില്‍ 600 വിക്കറ്റെന്ന മൈല്‍സ്‌റ്റോണാണ് അദ്ദേഹം പിന്നിട്ടത്. 598 വിക്കറ്റുമായിട്ടായിരുന്നു ബ്രോഡ് ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്. 48 റണ്‍സെടുത്ത് നില്‍ക്കുന്ന ട്രാവിസ് ഹെഡിനെ പുറത്താക്കിയായിരുന്നു അദ്ദേഹം 600 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. നേരത്തെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെയും അദ്ദേഹം പവലിയനിലേക്ക് പറഞ്ഞയച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ബ്രോഡിന് ഈ നേട്ടം കൈവരിക്കാന്‍ ഇതിലും മികച്ച അവസരമില്ലായിരുന്നു എന്ന് വേണം കരുതാന്‍. ആഷസിലെ നിര്‍ണായക മത്സരത്തിലെ ഓസീസിന്റെ മികച്ച ബാറ്റര്‍മാരില്‍ ഒരാളെ പുറത്താക്കികൊണ്ട് നേടിയ നേട്ടമായതുകൊണ്ട് തന്നെ അതിന് മധുരം കൂടും.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് ബ്രോഡ്. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ താരവും. 700 കരിയര്‍ വിക്കറ്റിലേക്കടുക്കുന്ന ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇംഗ്ലീഷ് ബൗളര്‍.

ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍. ഓസീസിന്റെ ലെഗ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍, ഇന്ത്യയുടെ ടേണ്‍ മാസ്റ്റര്‍ അനില്‍ കുംബ്ലെ എന്നിവരാണ് 600 വിക്കറ്റ് തികച്ച മറ്റുള്ളവര്‍. ഇവരെല്ലാം സ്പിന്നര്‍മാരാണ്. ഈ നേട്ടം കൈവരിച്ച രണ്ട് പേസ് ബൗളര്‍മാരും ഇംഗ്ലണ്ട് താരങ്ങളാണ് എന്നുള്ളതാണ് മറ്റൊരു സവിശേഷത.

600 വിക്കറ്റിനൊപ്പം മറ്റൊരു റെക്കോഡ് കൂടെ ബ്രോഡ് തകര്‍ത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ എന്ന റെക്കോഡും ഇനി ബ്രോഡിന് സ്വന്തമാണ്. 149 വിക്കറ്റുകള്‍ ഓസീസിനെതിരെ ഇതുവരെ നേടിയ ബ്രോഡ് ഇതിഹാസ താരം ഇയാന്‍ ബോതമിന്റെ 148 വിക്കറ്റ് എന്ന നേട്ടമാണ് മറികടന്നത്.

നിലവില്‍ സ്‌കോര്‍ നോക്കുമ്പോള്‍ 298/8 എന്ന നിലയിലാണ് ഓസീസ്. 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റ് നേടി.

Content Highlight: Stuart Broad Enters Into elite Club of 600 wicket takers in test cricket

We use cookies to give you the best possible experience. Learn more