| Friday, 20th September 2024, 4:15 pm

അതെന്റെ ഭാഗ്യം, അല്ലെങ്കില്‍ യുവരാജ് ഏഴ് സിക്‌സര്‍ അടിക്കുമായിരുന്നു; തുറന്നുപറഞ്ഞ് ബ്രോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട് പ്രൊഡ്യൂസ് ചെയ്ത ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ തലയെടുപ്പോടെ ഉയര്‍ന്നുകാണുന്ന പേരാണ് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റേത്. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 344 മത്സരത്തില്‍ പന്തെറിഞ്ഞ താരം 847 അന്താരാഷ്ട്ര വിക്കറ്റുകളും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

തന്റെ കരിയറില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അധ്യായമാണ് 2007 ടി-20 ലോകകപ്പിലെ ഇന്ത്യക്കെതിരെ സൂപ്പര്‍ എട്ടില്‍ നടന്ന മത്സരം. പോള്‍ കോളിങ്‌വുഡിനോടും ആന്‍ഡ്രൂ ഫ്‌ളിന്റോഫിനോടമുള്ള ദേഷ്യം യുവരാജ് സിങ് യുവതാരമായിരുന്ന ബ്രോഡിന്റെ നെഞ്ചത്ത് തീര്‍ത്തപ്പോള്‍ താരത്തിന്റെ ഒരു ഓവറില്‍ 36 റണ്‍സാണ് പിറവിയെടുത്തത്.

തന്റെ ആദ്യ മൂന്ന് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബ്രോഡ് അവസാന ഓവറില്‍ വഴങ്ങിയത് 36 റണ്‍സാണ്. നാല് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നേടാനാകാതെ 60 റണ്‍സാണ് ബ്രോഡ് വഴങ്ങിയത്.

ആ മത്സരത്തെ കുറിച്ചും യുവരാജിന്റെ ആറ് സിക്‌സറുകളെ കുറിച്ചും സംസാരിക്കുകയാണ് ബ്രോഡ്. സ്‌കൈ സ്‌പോര്‍ട്‌സിലൂടെയാണ് താരം ആ ചരിത്രനിമിഷത്തിന്റെ 17ാം വാര്‍ഷികത്തില്‍ സംസാരിച്ചത്.

യുവരാജ് സ്‌റ്റോമിന്റെ വീഡിയോ താന്‍ ഇതുവരെ കാണാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് ബ്രോഡ് പറയുന്നത്. ആ ഓവറില്‍ ഒരുപക്ഷേ താന്‍ ഒരു നോ ബോള്‍ എറിഞ്ഞിരുന്നുവെങ്കില്‍ യുവരാജ് അതും സിക്‌സറിന് പറത്തുമായിരുന്നു എന്നാണ് ബ്രോഡ് പറഞ്ഞത്.

‘ഞാന്‍ വീഡിയോ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഞാന്‍ അന്ന് ഒരു നോ ബോള്‍ എറിഞ്ഞിരുന്നില്ല, അതെന്റെ ഭാഗ്യമായി കണക്കാക്കുന്നു. അല്ലായിരുന്നെങ്കില്‍ ആ ഓവറില്‍ ഏഴ് സിക്‌സര്‍ പിറക്കുമായിരുന്നു,’ ബ്രോഡ് പറഞ്ഞു.

‘ഞാന്‍ ഇതുവരെ ആ വീഡിയോ കണ്ടിട്ടില്ല. 17 വര്‍ഷങ്ങള്‍ക്ക് ശേഷം അതിനുള്ള അതിനുള്ള അവസരം നല്‍കിയതിന് നന്ദി,’ ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ യുവരാജ് 16 പന്തില്‍ നിന്നും 58 റണ്‍സാണ് നേടിയത്. അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡും അന്ന് യുവിയുടെ പേരില്‍ കുറിക്കപ്പെട്ടു.

നേരിട്ട 12ാം പന്തിലാണ് യുവരാജ് അര്‍ധ സെഞ്ച്വറി നേടിയത്. ശേഷം 2023 വരെ ആ റെക്കോഡ് നേട്ടം യുവരാജിന്റെ പേരില്‍ തന്നെ തുടര്‍ന്നു.

2023ല്‍ നേപ്പാള്‍ താരം ദീപേന്ദ്ര സിങ് ഐറിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മംഗോളിയയായിരുന്നു എതിരാളികള്‍.

നേരിട്ട എല്ലാ പന്തിലും സിക്‌സറടിച്ചാണ് ഐറി ചരിത്രത്തില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡിലെത്തിയത്. ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ ഒമ്പത് പന്തിലും സിക്‌സര്‍ നേടിയാണ് താരം റെക്കോഡിട്ടത്. ഈ റെക്കോഡിനൊപ്പമെത്താം എന്നല്ലാതെ നിലവിലെ ക്രിക്കറ്റ് നിയമങ്ങള്‍ ഇതുപോലെ തുടരുന്ന കാലം വരെ ആര്‍ക്കും തന്നെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കില്ല.

Content Highlight: Stuart Broad about Yuvraj Singh’s 6 sixes

Latest Stories

We use cookies to give you the best possible experience. Learn more