ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തിയതോടെ അറ്റാക്കിങ് ക്രിക്കറ്റിലേക്കാണ് ത്രീ ലയണ്‍സ് ചുവടുമാറ്റിയത്. ടെസ്റ്റിന്റെ വിരസതയെ ഒന്നാകെ മാറ്റി മറിച്ച് ഫാസ്റ്റ് പേസിലേക്ക് ഗിയര്‍ മാറ്റിയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റിനെ ആഘോഷമാക്കുന്നത്.
ഓര്‍ത്തഡോക്‌സ് ക്രിക്കറ്റ് ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ലോകമെമ്പാടുമുള്ള ആരാധകരെ ബാസ്‌ബോള്‍ ഏറെ ആവേശത്തിലാഴ്ത്തി.
തനിക്ക് ഈ അറ്റാക്കിങ് ക്രിക്കറ്റ് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ഇതിഹാസ പേസറുമായ സ്റ്റുവര്‍ട്ട് ബ്രോഡ്. ബാസ്‌ബോള്‍ ശൈലി ഏത് രാജ്യത്തും സക്‌സസാകുമെന്നും ബ്രോഡ് പറഞ്ഞു.
ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രോഡ് ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് ബാസ്‌ബോള്‍ ഇഷ്ടമാണ്. ഈ സമീപനം ഏത് രാജ്യത്തും ഏത് സാഹചര്യത്തിലും വര്‍ക്കാകും. ഹൈദരാബാദില്‍ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.
ഞങ്ങള്‍ പാകിസ്ഥാനെതിരെ 3-0ന് വിജയിച്ചു. ന്യൂസിലാന്‍ഡിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാസ്‌ബോള്‍ ക്രിക്കറ്റിനെ മുമ്പോട്ട് നയിക്കുകയാണ്. ഇത് കാണാനും ഏറെ ആവേശകരമാണ്.
ഇംഗ്ലണ്ട് ഇന്ത്യയെ ഹൈദരാബാദില്‍ പരാജയപ്പെടുത്തിയ രീതിയും ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനോട് ഗാബയില്‍ തോറ്റ രീതിയും എനിക്ക് ഏറെ ഇഷ്ടമായി. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ മികച്ച കാലഘട്ടത്തിലാണ്’ ബ്രോഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ വിരാട് കളിക്കാത്തിനെ കുറിച്ചും ബ്രോഡ് സംസാരിച്ചു.
‘വിരാട് കളിക്കുന്നില്ല എന്നത് ഈ പരമ്പരക്ക് തന്നെ വലിയ നാണക്കേടാണ്. അദ്ദേഹം ഒരു ചാമ്പ്യന്‍ പ്ലെയറാണ്. പക്ഷേ കുടുംബമാണ് ഒന്നാമത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് സ്വയം തെളിയിക്കാനുള്ള അവസരമാണിത്,’ അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ഫെബ്രുവരി 15നാണ് പരമ്പരയിലെ മൂന്നാം മത്സരം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.