ആ രണ്ട് താരങ്ങൾ ഇപ്പോൾ ടീമിലില്ല, അതുകൊണ്ട് അവരുടെ പൊസിഷൻ സഞ്ജുവിന് നൽകണം: മുൻ ഇന്ത്യൻ താരം
Cricket
ആ രണ്ട് താരങ്ങൾ ഇപ്പോൾ ടീമിലില്ല, അതുകൊണ്ട് അവരുടെ പൊസിഷൻ സഞ്ജുവിന് നൽകണം: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 9:58 pm

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി. ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് ബിന്നി ഇക്കാര്യം പറഞ്ഞത്.

‘നാലാം നമ്പറില്‍ സഞ്ജു സാംസണ്‍ കുറച്ചുകൂടി മികച്ച റണ്‍സ് നേടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടി-20യില്‍ ഇല്ലാത്തതിനാല്‍ തനിക്ക് ലഭിക്കുന്ന ചെറിയ അവസരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ സ്റ്റുവര്‍ട്ട് ബിന്നി പറഞ്ഞു.

നിലവില്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഇന്ത്യ ബിക്കെതിരെ സെഞ്ച്വറി നേടികൊണ്ടാണ് സഞ്ജു തിളങ്ങിയത്. 101 പന്തില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളുമാണ് മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാം ഇന്നിങ്‌സില്‍ 53 പന്തില്‍ 45 റണ്‍സ് നേടിയും സഞ്ജു മികച്ച പ്രകടനം നടത്തി.

ശ്രീലങ്കക്കെതിരെയുള്ള കഴിഞ്ഞ ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

ഇതിനുശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് തിരിച്ചുവരാനായിരിക്കും മലയാളി സൂപ്പര്‍താരം ലക്ഷ്യം വെക്കുക.

ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചാല്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരകള്‍ നടക്കുന്നത്.

 

Content Highlight: Stuart Binny Talks About Sanju Samson