സിറാജല്ല, ബുംറയല്ല സാക്ഷാല്‍ കുംബ്ലെ വന്നാലും അയാളുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കും; ബംഗ്ലാദേശ് കരഞ്ഞത് മറക്കാന്‍ പറ്റ്വോ...
ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ വീണ്ടും കിരീടമുയര്‍ത്തിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രമേദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലങ്കയെ വെറും 50 റണ്‍സിന് എറിഞ്ഞിടുകയും വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആ ലക്ഷ്യം മറികടക്കുകയും ചെയ്താണ് ഇന്ത്യ എട്ടാമത് ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.
മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയാണ് സിറാജ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ഒരു ഓവറില്‍ വീഴ്ത്തിയ നാല് വിക്കറ്റ് നേട്ടം ഉള്‍പ്പെടെയാണ് താരം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയത്.
ഇതോടെ പല റെക്കോഡുകളിലും സിറാജ് തന്റെ പേരെഴുതിച്ചേര്‍ത്തു. ഏകദിനത്തില്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ നാലാമത് താരം, ഏറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം ഫൈഫര്‍ നേടിയ താരം, ഒരു ഇന്നിങ്‌സില്‍ ഇന്ത്യക്കായി ആറ് വിക്കറ്റ് വീഴ്ത്തിയ ഒമ്പതാമത് താരം തുടങ്ങി റെക്കോഡുകള്‍ നീളുകയാണ്.
സിറാജിന്റെ ഈ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയും ചര്‍ച്ചയുടെ ഭാഗമാവുകയാണ്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗേഴ്‌സിന്റെ നേട്ടമാണ് ബിന്നി വീണ്ടും ചര്‍ച്ചയുടെ ഭാഗമാകാന്‍ കാരണമാകുന്നത്.
2014ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് ഈ തകര്‍പ്പന്‍ നേട്ടം പിറന്നത്. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ബംഗ്ലാദേശ് 25.3 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു. 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയായിരുന്നു ടോപ് സ്‌കോറര്‍.
മത്സരത്തില്‍ താസ്‌കിന്‍ അഹമ്മദ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഷ്‌റാഫെ മൊര്‍ത്താസ രണ്ടും ഷാകിബ് അല്‍ ഹസന്‍, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴത്തി.
ഇന്ത്യയെ 105 റണ്‍സിന് പുറത്താക്കിയതോടെ ബംഗ്ലാദേശ് ആരാധകര്‍ വിജയാഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ അവരെ കാത്ത് വലിയൊരു അപകടം പതിയിരിപ്പുണ്ടെന്ന് അവര്‍ ഓര്‍ത്തിരുന്നില്ല.
106 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 17.4 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ടായി. ഇതിന് കാരണമായതാകട്ടെ സ്റ്റുവര്‍ട്ട് ബിന്നിയെന്ന ഓള്‍ റൗണ്ടറും.
രണ്ട് മെയ്ഡന്‍ ഉള്‍പ്പടെ 4.4 ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ബിന്നി വീഴ്ത്തിയത്. 0.85 എന്ന തകര്‍പ്പന്‍ എക്കോണമിയിലായിരുന്നു ബിന്നിയുടെ വിക്കറ്റ് നേട്ടം.
മുഹമ്മദ് മിഥുന്‍, ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീം, മഹ്മദുള്ള, നാസിര്‍ ഹൊസൈന്‍, മഷ്‌റാഫെ മൊര്‍ത്താസ, അല്‍ അമീന്‍ ഹൊസൈന്‍ എന്നിവരാണ് ബിന്നിക്ക് മുമ്പില്‍ വീണത്. സ്റ്റുവര്‍ട്ട് ബിന്നി ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മയാണ് ശേഷിക്കുന്ന നാല് വിക്കറ്റും വീഴ്ത്തിയത്.
ഏതൊരു ഇന്ത്യന്‍ താരവും തന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം പുറത്തെടുക്കുമ്പോഴെല്ലാം തന്നെ ബിന്നിയുടെ ഈ ബൗളിങ് പ്രകടനവും ആരാധകര്‍ ഓര്‍ത്തെടുക്കാറുണ്ട്. ഏകദിനത്തില്‍ ആകെ നേടിയത് 20 വിക്കറ്റാണെങ്കിലും ആരാധകരുടെ മനസില്‍ അവരുടെ ബിന്നിച്ചായന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തത് ബംഗ്ലാദേശിനെതിരായ ഈ പ്രകടനവും ആ പ്രകടനം പുറത്തെടുത്ത സാഹചര്യവുമാണ്.
ഇന്ത്യക്കായി ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
(താരം – ബൗളിങ് പ്രകടനം)
സ്റ്റുവര്‍ട്ട് ബിന്നി – 6/4
അനില്‍ കുംബ്ലെ – 6/12
ജസ്പ്രീത് ബുംറ – 6/19
മുഹമ്മദ് സിറാജ് – 6/21
ആശിഷ് നെഹ്‌റ – 6/23
കുല്‍ദീപ് യാദവ് – 6/25
അജിത് അഗാര്‍കര്‍ – 6/42
അമിത് മിശ്ര – 6/48
ശ്രീശാന്ത് – 6/55
Content highlight: Stuart Binny’s bowling performance trends after India’s Asia Cup victory