ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന രണ്ടാം അമേരിക്കന്‍ പ്രീമിയര്‍ ലീഗ് (എ.പി.എല്‍) ടി-ട്വന്റിയില്‍ മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും പേസ് ബൗളറും എസ്. ശ്രീശാന്തും കളിക്കും.
ഇന്ത്യയിലെ ക്രിക്കറ്റ് മത്സരത്തില്‍ നിന്നും വിരമിച്ചതിനാല്‍ ശ്രീശാന്തും സ്റ്റുവര്‍ട്ട് ബിന്നിയും അന്താരാഷ്ട്ര ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹരാണ്.
ഈ വര്‍ഷം മെയ് മാസത്തിലാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ലീഗ് അംഗീകരിച്ചത്. ടെക്‌സസിലെ ഹൂസ്റ്റണിലെ മൂസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഏഴ് ടീമുകള്‍ക്കായി കളിക്കാന്‍ യു.എസ്.എ ക്രിക്കറ്റ് ബോര്‍ഡില്‍ 40 അന്താരാഷ്ട്ര കളിക്കാരാണ് ഒപ്പുവെച്ചത്.
ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വിന്‍ഡീസ്, ഇന്ത്യ, പാകിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഏഴ് ടീമുകളിലും കളിക്കുന്നത്. ഇതില്‍ പ്രീമിയം ഇന്ത്യന്‍സ് ടീമിലാണ് ശ്രീശാന്തും ബിന്നിയും ഉള്‍പ്പെടുന്നത്.
കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീശാന്ത് എ.പി.എല്ലിലെ പ്രീമിയം ഇന്ത്യന്‍ ടീം തന്നെ തെരഞ്ഞെടുത്തതില്‍ നന്ദി പറഞ്ഞു.
‘ഇന്ത്യയ്ക്ക് പുറത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ഇക്കോ സിസ്റ്റത്തില്‍ ഞാന്‍ ഇപ്പോഴും പുതിയ ആളാണ്, അതുകൊണ്ടുതന്നെ ഞാന്‍ ആവേശത്തിലാണ്. ആദ്യമായി അമേരിക്കന്‍ കാണികളുടെ മുന്നില്‍ കളിക്കുന്നത് ഒരു മികച്ച അനുഭവമായിരിക്കും ‘ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് കരിയറില്‍ ശ്രീശാന്ത് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറായിരുന്നു. 2011ലെ ലോകകപ്പില്‍ ശ്രീശാന്തിന്റെ പങ്ക് ഏറെ വലുതാണ്. ഏകദിന ക്രിക്കറ്റില്‍ 75 വിക്കറ്റും ടെസ്റ്റ് ഫോര്‍മാറ്റില്‍ 87 വിക്കറ്റും ടി-ട്വന്റിയില്‍ ഏഴ് വിക്കറ്റുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം.
Content Highlight: Stuart Binny and S. Sreesanth to play in the American Premier League.