പൊരുതി നേടിയ വിധി; 377 ന്റെ ചരിത്രം
section 377
പൊരുതി നേടിയ വിധി; 377 ന്റെ ചരിത്രം
സുനില്‍ മോഹന്‍, റൂമി ഹരീഷ്
Monday, 10th September 2018, 1:03 pm

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന്റെ കഥയുണ്ട് ഇന്ന് നേടിയ സ്വാതന്ത്ര്യത്തിനു പിന്നില്‍. 90 കളില്‍ തുടങ്ങിയ ഈ യുദ്ധത്തിനൊടുവില്‍ നീതി വിജയിച്ചിരിക്കുകയാണ്.

1993ല്‍ എയിഡ്‌സ് ബാധ്‌ബേവ് വിരോധി ആന്ദോളന്‍ (എ.ബി.വി.എ) എന്ന പേരില്‍ സിദ്ധാര്‍ത്ഥ് ഗൗതം നേതൃത്വം നല്‍കിയ സംഘടനയാണ് ദ്വന്ദ സങ്കല്‍പങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് സ്വവര്‍ഗാനുരാഗികള്‍ക്ക് നേരെ പോലിസ് നടത്തുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ ഇവര്‍ സംഘടിപ്പിക്കുകയുണ്ടായി.377 എന്ന വകുപ്പിനെതിരെ ആദ്യമായി രാജ്യത്ത്് ശബ്ദമുയരുന്നത് അന്നാണ്. അന്ന് കിരണ്‍ ബേദി നടത്തിയ പരാമര്‍ശത്തിനെതിരെ 377 നിരോധിക്കണമെന്ന ആവശ്യവുമായി എ.ബി.വി.എ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജയിലുകളില്‍ കോണ്ടം അനുവദിക്കുന്നത് 377 പ്രകാരമുള്ള കുറ്റകൃത്യത്തിന് പ്രേരണയാകും എന്നാണ് കിരണ്‍ ബേദി പറഞ്ഞത്. എ.ബി.വി.എ നിഷ്‌ക്രിയമായതോടെ കേസും നിലനിന്നില്ല.

 

2000 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിനിടയില്‍ നിരവധി എല്‍.ജി.ബി.ടി ക്യൂഅര്‍ സംഘടനകള്‍ രൂപം കൊണ്ടു. എയിഡ്‌സ് പ്രതിരോധം ഫണ്ടിങ്ങുകള്‍ ഇതിന് വലിയ ഒരു കാരണമായി. ഇതിന്റെയൊക്കെ ഫലമായി ലൈംഗികതയിലെ സൂക്ഷ്മഭേദങ്ങള്‍ ഭാഷയിലും മറ്റും തെളിഞ്ഞു കാണാന്‍ തുടങ്ങി. പുരുഷന്‍ സ്ത്രീ എന്നതിനപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍, ലെസ്ബിയന്‍, ഗേ, ക്യുഅര്‍, ട്രാന്‍സ്സെക്ച്വല്‍ തുടങ്ങി വിഭിന്ന ലൈംഗികതകള്‍ക്ക് സ്വത്വം ഉണ്ടായി വന്നു.

377 ാം വകുപ്പ് എയിഡ്‌സ് പ്രതിരോധത്തിന് ഒരു തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2001ല്‍ നാസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചു.2002 ല്‍ കണ്ണൂര്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ എച്ച് ഐ വി എയിഡ്‌സിന് കാരണമാകില്ല എന്ന ന്യായികരണവുമായി എത്തി. 2003ല്‍ ഇന്ത്യ ഗവണ്മെന്റ് സ്വവര്‍ഗാനുരാഗം രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല, നിയമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് പൊതു സദാചാരം കൂടി കണക്കിലെടുക്കണമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചു.

2004ല്‍ ഡല്‍ഹി ഹൈക്കോടതി നാസ് ഫൗണ്ടേഷനെ 377ാം വകുപ്പ് ബാധിക്കില്ലെന്ന കാരണത്തില്‍ കേസ് തള്ളി.എന്നാല്‍ സുപ്രിം കോടതി ഡല്‍ഹി ഹൈക്കോടതിയോട് കേസിന്റെ മെറിറ്റ്് പരിഗണിക്കാന്‍ ആവശ്യപ്പെട്ടു. 2006 ല്‍ നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും 377 ാം വകുപ്പ് എയിഡ്‌സ് പ്രതിരോധത്തിന് ഒരു തടസ്സമാകുന്നുവെന്ന്ാരോപിച്ച് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചു. അന്ന് സ്വവര്‍ഗാനുരാഗം ഇന്ത്യന്‍ സംസ്‌കാരത്തിന് അനുയോജ്യമല്ല എന്ന വാദവുമായി രംഗത്ത് വന്നത് ബി പി സിംഗാള്‍ ആണ്.

 

2006നും 2009നും ഇടയില്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള പല സംഘടനകളുടെ ശ്രമഫലമായി എയിഡ്‌സ് പ്രതിരോധത്തിന് അപ്പുറത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിനായി നിരവധി ശബ്ദങ്ങള്‍ ഉയര്‍ന്നു.സ്വവര്‍ഗാനുരാഗികളുടെ മാതാപിതാക്കള്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശമുന്നയിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു 377നെതിരെ ക്യാമ്പയിനുകള്‍ നടക്കുകയും “വോയിസസ് എഗൈന്‍സ്റ്റ് 377″ എന്ന് സംഘടന കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പ്രധാനമായും 377 വകുപ്പ് റദ്ദ് ചെയ്യുക, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റികളെ സാധാരണ പൗരന്മാരായി അംഗീകരിക്കുക എന്നീ രണ്ട് ആശ്യങ്ങളാണ് അന്ന് ഉയര്‍ന്നു വന്നത്.

വിവിധ സ്ത്രീ സംഘടനകളും, ലൈംഗിക ന്യൂനപക്ഷ സംഘടനകളും ചേര്‍ന്ന ഒരു വേദിയായ് വോയിസസ് എഗൈന്‍സ്റ്റ് 377” എന്ന സംഘടന, 377ാം വകുപ്പ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ക്കെതിരാണ് എന്ന വാദവുമായാണ് അന്ന് കോടതിയെ സമീപിച്ചത്്. ഇതിനോടകം ട്രാന്‍സ് സമൂഹത്തിനെതിരെ നടന്ന പല അക്രമണങ്ങളും ചര്‍ച്ചയായതും സമ്മര്‍ദം കൂട്ടി. ലഖ്‌നൗവില്‍ എയിഡ്‌സ് പ്രതിരോധ സംഘത്തെ തടഞ്ഞതും കോകില എന്ന ട്രാന്‍സ് വുമണിന് നേരെ നടന്ന ബലാത്സംഗവും പോലെയുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു.

സ്വകാര്യ സ്ഥലങ്ങളില്‍ വച്ച് ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ്ഗലൈംഗികത പോലും തെറ്റാണെന്ന് വരുന്ന വകുപ്പിനെതിരെയായിരുന്നു വോയിസസ് രംഗത്ത് വന്നത്. സ്വകാര്യത എന്നത് എല്ലാവര്‍ക്കും അനുഭവിക്കാനാകുന്നതല്ല എന്നും ആ ഭാഗവും എടുത്ത്് മാറ്റേണ്ടതുണ്ട് എന്നും ട്രാന്‍സ് വിഭാഗം അഭിപ്രായപ്പെട്ടു. എന്താണ് സ്വകാര്യത എന്നും കോടതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

 

2009ല്‍ സ്വവര്‍ഗ രതി കുറ്റകരമല്ല എന്ന് ഡല്‍ഹി ഹൈക്കോര്‍ട്ട് പുറവെടുപ്പിച്ച വിധി ഈ സമൂഹത്തെ ഉയര്‍ത്തുകയും അവരുടെ ബന്ധങ്ങളെ ലൈംഗികതക്കൊപ്പം പ്രണയവുമായി തിരിച്ചറിഞ്ഞുവെന്ന് സ്വവര്‍ഗാനുരാഗികള്‍ പറയുന്നു. യോഗ്യകാര്‍ത്ത തത്വങ്ങള്‍ പോലുള്ളവ പരാമര്‍ശിച്ച വിധിയില്‍,അംബേദ്ക്കര്‍ മുന്നോട്ട് വച്ച ഭരണഘടനാപരമായ സദാചാരവും (contitutional morality) , നെഹ്‌റുവിന്റെ ഒബ്ജക്റ്റിവ് ഡിക്‌ള്രേഷന്‍ എന്നിവയും പ്രതിപാതിച്ചിരുന്നു.ജസ്റ്റിസ് ഷാ ജസ്റ്റിസ മുരളിധര്‍ എന്നിവരാണ് ഈ വിധി പറഞ്ഞത്.

പക്ഷേ അതേ വര്‍ഷം സുരേഷ് കുമാര്‍ കൗശല്‍, ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല് ലോ ബോര്‍ഡ് തുടങ്ങിയവര്‍ നാസ് ഫൗണ്ടേഷനെതിരെ സുപ്രീംകോടതിയില്‍ പോവുകയും കോടതി ഇത്തരം നിസാരമായ ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെടുകയും സ്വവര്‍ഗ്ഗരതി വീണ്ടും കുറ്റകരമാക്കുകയും ചെയ്തു.2013 ഡിസംബര്‍ 15 രാജ്യമെമ്പാടുമുള്ള എല്‍.ജി.ബി.ടി ക്യുവര്‍ കമ്മ്യൂണിറ്റികള്‍ പ്രക്ഷോഭങ്ങളുമായി തെരുവുകളിലേക്കിറങ്ങി. വോയിസസും നാസും വിധി പുനപരിശോധിക്കുവാന്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ജനുവരി 28ന് കോടതി അപ്പീല്‍ സ്വീകരിച്ചില്ല.

2014ല്‍ നാഷണല്‍ ഒതോറിറ്റി ലീഗല്‍ സര്‍വ്വിസസ് ട്രാന്‍സ് വിഭാഗത്തിന്റെ അവകാശങ്ങള്‍ വ്യക്തമാക്കി പക്ഷേ അപ്പോഴും സ്വവര്‍ഗ്ഗ രതിയില്‍ നിലനില്ക്കുന്ന വിധി ചോദ്യചിഹ്നമായി നിന്നു. 2016 ല്‍ അക്കൈ പത്മശാലി 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വാദവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇത്തവണ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, റോഹിന്‍തണ്‍ നരിമാന്‍, ധനഞ്ജയി ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കാവില്‍ക്കാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഫലം കണ്ടു. 6 സെപ്റ്റംബര്‍ 2018, 11.30 ന് പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഭരണ ഘടനാ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. 157 വര്‍ഷത്തിന് ശേഷമുള്ള ചരിത്രവിധിയാണ് ഇത്. എല്ലാവര്‍ക്കും ഏക അഭിപ്രായമായിരുന്നെന്നും വിയോജിപ്പുള്ള വിധികളില്ലെന്നും ദീപക് മിശ്ര വിധി പ്രസ്താവത്തിനിടെ പറഞ്ഞു.ആനന്ദ് ഗ്രോവര്‍, ശ്യാം ധിവാന്‍, അരവിന്ദ് നരൈന്‍ തുടങ്ങി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെ ഫലമാണ് വിധി

ലേഖനം : സുനില്‍ മോഹന്‍, റൂമി ഹരീഷ്
പരിഭാഷ: സൗമ്യ ആര്‍ കൃഷ്ണ
കവര്‍ചിത്രം കടപ്പാട്: Scroll.in