| Tuesday, 1st December 2020, 12:12 pm

നെട്ടോട്ടമോടി ബി.ജെ.പി നേതാക്കളും മന്ത്രിമാരും; 48 മണിക്കൂറിനിടെ നിരവധിതവണ കൂടിക്കാഴ്ച; അടവും ചുവടും മാറ്റി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാനാവാതെ സര്‍ക്കാര്‍. കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും. 48 മണിക്കൂറിനിടെ നിരവധി തവണയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

ആദ്യഘട്ടത്തില്‍ പ്രശ്‌നപരിഹാരത്തിന് അമിത് ഷായെയാണ് സര്‍ക്കാര്‍ രംഗത്ത് ഇറക്കിയിരുന്നത്. കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നതും അമിത് ഷായാണ്. എന്നാല്‍ ഇപ്പോള്‍ ഈ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ് നാഥ് സിംഗിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു. ഈ ചര്‍ച്ചയ്ക്ക് അമിത് ഷാ നേതൃത്വം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ പങ്കെടുക്കുമോ എന്ന് ഉറപ്പില്ല.

ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കവേയാണ് രാജ് നാഥ് സിംഗിന് ചുമതല കൈമാറിയത്. എന്നാല്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍പ് രാജ് നാഥ് സിംഗ് അമിത് ഷായുമായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം.

പൊലീസിനെ ഉപയോഗിച്ച് കര്‍ഷക പ്രതിഷേധം തടയാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെങ്കിലും കര്‍ഷക സമരങ്ങളെ പിന്തുണച്ച് ദല്‍ഹിയിലേക്ക് നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരസ്ഥലത്തേക്ക് എത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ശക്തമായ തണുപ്പിനെ പോലും വകവെക്കാതെയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers Protest LIVE Updates: Ministers To Meet Before Rajnath Leads Talks With Farmers, Say Sources

We use cookies to give you the best possible experience. Learn more