മലയാളസിനിമയില്‍ ഈ വര്‍ഷം ഒട്ടനവധി ഹിറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട ഒരു ആരോപണമായിരുന്നു സ്ത്രീപ്രാധാന്യമില്ലാത്ത സിനിമകളെന്നുള്ളത്. കഥ ആവശ്യപ്പെടുന്ന രീതിയില്‍ കൈയടി നേടുന്ന സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ചെറിതായി പാളിയാല്‍ പോലും ഒരുപാട് വിമര്‍ശനം കേള്‍ക്കാന്‍ സാധ്യതയുള്ളതും ട്രോള്‍ മെറ്റീരിയല്‍ വരെയാകാവുന്നതുമാണ് ഇത്തരം എഴുത്തുകള്‍.
അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ലയിലും ഇത്തരമൊരു കല്ലുകടി അനുഭവപ്പെട്ടിരുന്നു. ക്ലൈമാക്‌സില്‍ ശ്രിന്ദയുടെ കഥാപാത്രത്തിന്റെ ഡയലോഗ് തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ വിമര്‍ശിക്കപ്പെട്ടു. അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ അതിന്റെ ബാക്ക് സ്‌റ്റോറിയും എക്‌സിക്യൂഷനും ശക്തമാകണം. വിക്രം എന്ന സിനിമയില്‍ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറ്റവും വലിയ ഉദാഹരണമാണ്.
മലയാളത്തിലും അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിച്ചിരിക്കുകയാണ് ആഷിക് അബു റൈഫിള്‍ ക്ലബ്ബിലൂടെ. കാടിന് നടുവിലെ ക്ലബ്ബില്‍ വേട്ടയാടലും ഷൂട്ടിങ്ങും പ്രധാന വിനോദമായി കണക്കാക്കുന്ന ഒരുകൂട്ടം ആളുകളാണ് റൈഫിള്‍ ക്ലബ്ബിലെ അംഗങ്ങള്‍. തോക്കുകള്‍ അവര്‍ക്ക് കളിക്കോപ്പ് പോലെയാണെന്ന് ആദ്യപകുതി തന്നെ കാണിക്കുന്നുണ്ട്.
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഷൂട്ടിങ്ങില്‍ എല്ലാവരും പങ്കെടുക്കുന്നത് കാണിച്ചത്. അതിനാല്‍ തന്നെ കഥയുടെ പ്രധാന വഴിത്തിരിവില്‍ വാണി വിശ്വനാഥിന്റെ മാസ് സീനില്‍ ഒട്ടും കല്ലുകടി അനുഭവപ്പെട്ടില്ല. മാന്‍ ഇന്‍ ചാര്‍ജ് എന്ന് പറയുന്ന സീനില്‍ ആ കഥാപാത്രത്തിന്റെ റേഞ്ച് കൃത്യമായി കാണാന്‍ കഴിഞ്ഞു.
വാണിയുടെ കഥാപാത്രം മാത്രമല്ല, ദര്‍ശന, ഉണ്ണിമായ എന്നിവരുടെ കോമ്പോ സീനുകളും സുരഭി ലക്ഷ്മിയുടെ സീനുകളും കൈയടി നേടിയപ്പോള്‍ പൊന്നമ്മ ബാബുവിന്റെ കഥാപാത്രം പ്രതീക്ഷിക്കാതെ കൈയടി നേടി. നവനി ദേവാനന്ദ് അവതരിപ്പിച്ച കഥാപാത്രവും ഒരൊറ്റ സീന്‍ കൊണ്ട് തന്റെ ഭാഗം മികച്ചതാക്കി എന്നതും എടുത്തുപറയേണ്ടതാണ്.
നെടുനീളന്‍ ഡയലോഗുകളില്ലാതെ വണ്‍ ലൈനുകളിലൂടെ പരമാവധി മാസ് കൊണ്ടുവരാന്‍ എഴുത്തുകാര്‍ക്ക് സാധിച്ചു എന്നതും റൈഫിള്‍ ക്ലബ്ബിനെ മികച്ച സിനിമയാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ സ്‌ക്രീനില്‍ വന്നുപോകുന്ന എല്ലാ കഥാപാത്രങ്ങളെയും ഇതിലൂടെ മികച്ചതാക്കാന്‍ സാധിച്ചു എന്നതും റൈഫിള്‍ ക്ലബ്ബിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
Content Highlight: Strong Women characters in Rifle Club movie